അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നടന്ന ആഷസ് മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കു 82 റണ്‍സ് ജയം. 435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 352 നു ഓള്‍ഔട്ട് ആയി. ഇതോടെ അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ശേഷിക്കുന്ന രണ്ട് കളികള്‍ തോറ്റാലും ഓസ്‌ട്രേലിയയ്ക്കു ഇനി നഷ്ടമില്ല.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രൗലി (151 പന്തില്‍ 85) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ജാമി സ്മിത്ത് 83 പന്തില്‍ 63 റണ്‍സ് നേടി. വില്‍ ജാക്‌സ് 137 പന്തുകള്‍ നേരിട്ട് 47 റണ്‍സുമായി പൊരുതി നോക്കി. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിന്‍ എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 371 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 286 ല്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കു 85 റണ്‍സ് ലീഡുണ്ടായിരുന്നു. അലക്‌സ് കാരി (143 പന്തില്‍ 106) സെഞ്ചുറിയുമായി ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ രക്ഷകനായി. ഉസ്മാന്‍ ഖവാജ 126 പന്തില്‍ 82 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് (75 പന്തില്‍ 54) അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
198 പന്തില്‍ 83 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് 63 പന്തില്‍ 45 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചര്‍ (105 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും ഓസ്‌ട്രേലിയയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ട്രാവിസ് ഹെഡ് (219 പന്തില്‍ 170) രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി. അലക്‌സ് കാരി രണ്ടാം ഇന്നിങ്‌സിലും ഫോം ആവര്‍ത്തിച്ചു. 128 പന്തില്‍ 72 റണ്‍സാണ് കാരി രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.
















