ട്വന്റി 20 യില്‍ ഒരു ഓപ്പണര്‍ എങ്ങനെയായിരിക്കണമെന്ന് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്കും മുഖ്യ പരിശീലകനും കാണിച്ചുതരികയാണ് മലയാളിതാരം സഞ്ജു സാംസണ്. ബിസിസിഐയുടെ പൊന്നോമന പുത്രന് ശുഭ്മാന്‍ ഗില്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നതിനാല്‍ മാത്രം പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ച സഞ്ജു യാതൊരു ടെന്‍ഷനും ഇല്ലാതെ തന്റെ ഉത്തരവാദിത്തം നിറവേറ്റി. ഒരൊറ്റ മോശം പ്രകടനം മതി അടുത്ത പത്ത് കളിയില്‍ തന്നെ ബെഞ്ചിലിരുത്താനെന്ന് സഞ്ജുവിനു അറിയാഞ്ഞിട്ടില്ല, ആ സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ മലയാളി താരത്തിനു സൗകര്യമില്ലായിരുന്നു !
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയത് ശുഭ്മാന്‍ ഗില്‍ ആണ്. സമീപകാലത്തെ മോശം ഫോമിലും ഗില്ലിനു തുടര്‍ച്ചയായി അവസരം കിട്ടുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് ഗില്‍ നേടിയതാകട്ടെ 31 പന്തില്‍ വെറും 32 റണ്‍സ് !
ഗില്ലിന്റെ പരുക്കിനെ തുടര്‍ന്നാണ് അഞ്ചാം ടി20 യില്‍ സഞ്ജുവിനു അവസരം ലഭിച്ചത്. 22 പന്തില്‍ 168.18 സ്ട്രൈക് റേറ്റോടെ 37 റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജുവിനു സാധിച്ചു. നാല് ഫോറും രണ്ട് സിക്സുകളും അടങ്ങിയ ഗംഭീര ഇന്നിങ്സ്. മൂന്ന് ഇന്നിങ്സില്‍ ഗില്‍ നേടിയത് വെറും ഒരു ഇന്നിങ്സ് കൊണ്ട് സഞ്ജു മറികടന്നിരിക്കുന്നു.
ഇത്രയും സമ്മര്‍ദ്ദത്തിനിടയിലും സഞ്ജുവിന്റെ ബാറ്റിങ് ശൈലി ക്രിക്കറ്റ് ആരാധകര്‍ക്കു വിരുന്നായിരുന്നു. വളരെ ശ്രദ്ധയോടെ ആരംഭിച്ച ഇന്നിങ്സ്. ക്രീസില്‍ താളം കണ്ടെത്തിയ ശേഷം ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. സഹഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കും സഞ്ജുവിന്റെ സാന്നിധ്യം ഊര്‍ജ്ജമായി. ആദ്യ അഞ്ച് പന്തുകളില്‍ നിന്ന് എട്ട് റണ്‍സാണ് സഞ്ജു നേടിയത്. പിന്നീടുള്ള 17 പന്തുകളില്‍ നിന്ന് 29 റണ്‍സും അടിച്ചെടുത്തു. ഒട്ടിനില്‍ ബാര്ട്ട്മാന് എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ഫോറുകള്‍ സഹിതം 16 റണ്‍സ് അടിച്ചെടുത്ത സഞ്ജു ട്വന്റി 20 ഫോര്‍മാറ്റില്‍ ഒരു ഓപ്പണര്‍ എങ്ങനെയാണ് സാഹചര്യത്തിനനുസരിച്ച് ട്രാക്ക് മാറ്റേണ്ടതെന്നും കാണിച്ചുതന്നു.
ഇന്ന് ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാന്‍ പോകുമ്പോഴാണ് സെലക്ടര്‍മാര്‍ക്കു തലവേദനയാകുന്ന സഞ്ജുവിന്റെ പ്രകടനം. ടി20യില്‍ ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഗില്‍ വേണോ അതോ സാഹചര്യം മനസിലാക്കി ക്രീസില്‍ നിലയുറപ്പിക്കാന്‍ ശേഷിയുള്ള സഞ്ജു വേണോ എന്നതാണ് സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള ചോദ്യം.
















