ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴിനു മത്സരം ആരംഭിക്കും.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പരമ്പരയിലെ നാലാം ടി20 മത്സരം റദ്ദാക്കിയിരുന്നു. അഞ്ചാം ടി20 മത്സരത്തിനു നിലവില്‍ വെല്ലുവിളികള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല മലയാളി താരം സഞ്ജു സാംസണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി കളിച്ചേക്കും.
പരമ്പരയില്‍ ആദ്യമായാണ് സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ പോകുന്നത്. നാലാം ടി20 പ്ലേയിങ് ഇലവനില്‍ താരം ഉണ്ടായിരുന്നെങ്കിലും മത്സരം നടക്കാത്തതിനാല്‍ കളത്തിലിറങ്ങാന്‍ സാധിച്ചില്ല. ഉപനായകനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനു പകരമാണ് സഞ്ജു കളിക്കുക. മൂന്നാം ടി20 യില്‍ കാല്പാദത്തിനു പരുക്കേറ്റതിനാലാണ് ഗില്‍ കളിക്കാത്തതെന്നാണ് ടീം മാനേജ്മെന്റ് വിശദീകരിക്കുന്നത്.
അതേസമയം അഹമ്മദബാദില്‍ ടീമിനൊപ്പം ഗില്ലും എത്തിയിട്ടുണ്ട്. ഇതുവരെ താരം പരിശീലനത്തിനു ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ സഞ്ജുവിനു സ്ഥാനം ഉറപ്പായിരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
സാധ്യത ഇലവന്: സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 2-1 നു ഇന്ത്യ ലീഡ് ചെയ്യുകയാണ്. ആദ്യത്തേയും മൂന്നാമത്തെയും മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടി20 യില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ടെസ്റ്റ് പരമ്പര 2-0 ത്തിനു ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 നു ഇന്ത്യയും സ്വന്തമാക്കി.
















