Cricket Homepage Featured Sports

സര്‍ഫറാസിനു ചെന്നൈയുടെ ‘ലൈഫ് ലൈന്‍’; ആ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ അണ്‍സോള്‍ഡ് !

യദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതാണ് സര്‍ഫറാസ് ഖാന് ഐപിഎല്‍ മിനി താരലേലത്തില്‍ ഗുണമായത്. മുംബൈ താരമായ സര്‍ഫറാസ് മിനി താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പാണ് 22 പന്തില്‍ 73 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചതും കളിയിലെ താരമായതും.

27 കാരനായ സര്‍ഫറാസ് ഖാന്‍ സെറ്റ് വണ്ണില്‍ ഉള്‍പ്പെട്ടാണ് മിനി താരലേലത്തില്‍ എത്തിയത്. രണ്ട് കോടിയായിരുന്നു അടിസ്ഥാനവില. എന്നാല്‍ ആദ്യ അവസരത്തില്‍ സര്‍ഫറാസിനെ ലേലത്തില്‍ എടുക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല.

2023 നു ശേഷം ആദ്യമായാണ് സര്‍ഫറാസ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും അണ്‍സോള്‍ഡ് ആകുമോയെന്ന ഭയം സര്‍ഫറാസിനു ഉണ്ടായിരുന്നു. പിന്നീട് അണ്‍സോള്‍ഡ് താരങ്ങളുടെ പട്ടികയില്‍ നിന്ന് 75 ലക്ഷത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സര്‍ഫറാസിനെ സ്വന്തമാക്കിയത്.

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെറും 15 പന്തുകളില്‍ നിന്നാണ് രാജസ്ഥാനെതിരെ സര്‍ഫറാസ് അര്‍ധ സെഞ്ചുറി നേടിയത്. ഈ ഇന്നിങ്‌സിന്റെ ബലത്തിലാണ് ചെന്നൈ സര്‍ഫറാസിനെ വിളിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല സയദ് മുഷ്താഖ് അലിയില്‍ ആറ് കളികളില്‍ നിന്ന് 256 റണ്‍സാണ് സര്‍ഫറാസ് ഇതുവരെ നേടിയിരിക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ സര്‍ഫറാസിനു മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്ന ട്രാക്ക് റെക്കോര്‍ഡും ചെന്നൈയുടെ തീരുമാനത്തില്‍ നിര്‍ണായകമായി.

അതേസമയം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സര്‍ഫറാസിനു ലഭിക്കുന്ന അവസാന പിടിവള്ളി കൂടിയായിരിക്കും 2026 ഐപിഎല്‍. അപ്പോഴും സഞ്ജു സാംസണ്‍, ആയുഷ് മാത്രേ, ശിവം ദുബെ തുടങ്ങിയവര്‍ അടങ്ങുന്ന ചെന്നൈ ടീമില്‍ സര്‍ഫറാസിനു മധ്യനിരയില്‍ ഇടംകിട്ടുമോ എന്ന സംശയവും നിലനില്‍ക്കുന്നു.

Related Posts