Cricket Features Homepage Featured Sports

നന്നായി കളിച്ചിട്ടും സര്‍ഫറാസിനെ എടുക്കാന്‍ ആളില്ല; റെക്കോര്‍ഡ് തകര്‍ത്ത് കാമറോണ്‍ ഗ്രീന്‍

ഐപിഎല്‍ 2026 മിനി താരലേലത്തില്‍ വന്‍ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വിദേശ താരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് ഗ്രീന്‍ ലേലത്തില്‍ പോയത്.

25.20 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആയിരുന്നു ഗ്രീനിനു വേണ്ടി ലേലത്തില്‍ പോരടിച്ച മറ്റു രണ്ട് ഫ്രാഞ്ചൈസികള്‍.

2024 ല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത 24.75 കോടി ചെലവാക്കിയിരുന്നു. ഇതായിരുന്നു ഐപിഎല്‍ ചരിത്രത്തില്‍ ഒരു വിദേശ താരത്തിനു ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. കാമറൂണ്‍ ഗ്രീന്‍ ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ മൂന്നാമതാണ് ഗ്രീന്‍. ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത് (27 കോടി), ശ്രേയസ് അയ്യര്‍ (26.75 കോടി) എന്നിവര്‍ക്കു പിന്നിലാണ് ഗ്രീന്‍ ഇടംപിടിച്ചത്.

സെറ്റ് വണ്ണില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ താരം സറഫറാസ് ഖാന്‍ അണ്‍സോള്‍ഡ് ആയി. രണ്ട് കോടി അടിസ്ഥാന വിലയ്ക്കു സര്‍ഫറാസിനെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പ് സയദ് മുഷ്താഖ് അലി ട്രോഫിയില്‍ സര്‍ഫറാസ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. മുംബൈ താരമായ സര്‍ഫറാസ് 22 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 73 റണ്‍സെടുത്ത് രാജസ്ഥാനെതിരായ കളിയിലെ താരവുമായി. എന്നാല്‍ ഈ പ്രകടനം കൊണ്ടൊന്നും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രിയം പിടിച്ചുപറ്റാന്‍ സര്‍ഫറാസിനു സാധിച്ചില്ല. സയദ് മുഷ്താഖ് അലിയില്‍ ആറ് കളികളില്‍ നിന്ന് 256 റണ്‍സാണ് സര്‍ഫറാസ് ഇതുവരെ നേടിയിരിക്കുന്നത്.

Related Posts