Football Homepage Featured Sports

മെസ്സിക്കൊപ്പം സെൽഫിയെടുക്കാൻ സ്റ്റേഡിയത്തിൽ തിരക്ക്; ആരാധകരുടെ പ്രതിഷേധം അതിരുവിട്ടു; കസേരകൾ തകർത്തും പ്രതിഷേധം

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സന്ദർശനത്തിനിടെ അക്രമാസാക്തരായി ആരാധകർ. മെസ്സിയെ കാണാനായി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയതോടെ പോലീസിന് ലാത്തി വീശേണ്ട അവസ്ഥയെത്തി. മെസ്സിയെ കാണാനായി കൊൽക്കത്തയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്.

രാവിലെ തിരക്കുകളെ ഭേദിച്ച് 11.30ന് മെസ്സിയുടെ വാഹനവ്യൂഹം സ്റ്റേഡിയത്തിൽ പ്രവേശിച്ചെങ്കിലും ആരാധകർ അടങ്ങിയില്ല. മെസ്സിക്കൊപ്പം ഫുട്ബോൾ താരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളുമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ആവേശം കണ്ടു താരങ്ങൾ സന്തോഷം പ്രകടിപ്പിച്ചതോടെ ​ഗാലറിയിൽ നിന്ന് കാണികൾ ​ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. മെസ്സി സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെ സംഘാടകരും സംസ്ഥാന കായിക മന്ത്രി അരൂപ് ബിസ്വാസും വിവിധ ഫുട്ബോൾ ക്ലബുകളുടെ പ്രതിനിധികളും നൂറു കണക്കിന് ആളുകൾ അദ്ദേഹത്തെ വളഞ്ഞു. മന്ത്രിയുടേയും കായിക പ്രതിനിധികളുടേയും മെസ്സിക്കൊപ്പം സെൽഫിയെടുക്കാനുള്ള നീക്കത്തിൽ ക്ഷുഭിതരായ ആരോധകർ ഇവർക്കെതിരെ തിരിയുകയായിരുന്നു.

ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും നടൻ ഷാരൂഖ് ഖാനും എത്തുന്നതിന് മുൻപ് തന്നെ മെസ്സിയെ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്കു കൊണ്ടുപോയി. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് പലരും സ്റ്റേഡിയത്തിലെത്തിയത്. പ്രിയ താരത്തെ കാണാൻ കഴിയാതെ വന്നതോടെ ഇവർ പരസ്യ പ്രതിഷേധം അറിയിച്ചു. ഗാലറിയിലെ കസേരകൾ തകർത്തും മൈതാനത്തേക്ക് എറിയുകയും ചെയ്തതോടെ പോലീസ് ഇടപെട്ടു. നൂറുകണക്കിന് ആളുകൾ സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവിശി. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Related Posts