ഐസിസി ഏകദിന റാങ്കിങ്ങില്‍ കുതിപ്പുമായി വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് കോലി റാങ്കിങ്ങില്‍ മുന്നിലെത്തിച്ചത്. രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി രണ്ടാം സ്ഥാനത്താണ്.
781 റേറ്റിങ്ങോടെയാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷമാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്.
നാലാം സ്ഥാനത്തായിരുന്ന വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 773 പോയിന്റാണ് കോലിക്കുള്ളത്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ നാലാമതുമാണ്.
റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസം ആറാമതും അയര്‍ലന്‍ഡ് താരം ഹാരി ടെക്ടര്‍ ഏഴാമതും. വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷായ് ഹോപ്പാണ് എട്ടാമത്. ഒന്‍പതാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഒന്‍പതാമത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 151 ശരാശരിയില്‍ 302 റണ്‍സാണ് കോലി നേടിയത്. പരമ്പരയിലെ താരം കോലിയായിരുന്നു. രോഹിത് ശര്‍മ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 48.67 ശരാശരിയില്‍ 156 റണ്‍സ് നേടിയിരുന്നു.
അതേസമയം രോഹിത് ശര്‍മയെയും വിരാട് കോലിയെയും തലമുറ മാറ്റത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ഇരുവരും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും മികവ് ആവര്‍ത്തിച്ചത്. ഐസിസി റാങ്കിങ്ങില്‍ യുവതാരങ്ങളെ പോലും കടത്തിവെട്ടി ആദ്യ രണ്ട് സ്ഥാനം ഉറപ്പിച്ച സാഹചര്യത്തില്‍ രോഹിത്തിനെയും കോലിയെയും ഇനി ടീമില്‍ നിന്ന് ഒഴിവാക്കുക സാധ്യമല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
















