Cricket Homepage Featured Sports

പേരിനൊരു ക്യാപ്റ്റന്‍, പോസ്റ്റര്‍ ബോയ് ഉപനായകന്‍; മികവുള്ള സഞ്ജു ബെഞ്ചിലും !

ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ഒന്നാം ട്വന്റി 20 മത്സരത്തിലും ഇരുവരും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് ഗില്ലും 11 പന്തില്‍ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്തായി.

2025 ലെ ഗില്ലിന്റെ ട്വന്റി 20 സ്‌കോറുകള്‍ ഇങ്ങനെ: 20* (9), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10), 37* (20), 5 (10), 15 (12), 46 (39), 29* (16), 4 (2)

ക്യാപ്റ്റന്‍സി ലഭിച്ച ശേഷമുള്ള സൂര്യകുമാര്‍ യാദവിന്റെ 19 ഇന്നിങ്‌സുകള്‍ നോക്കാം: 21 (17), 4 (9), 1 (4), 12 (7), 14 (7), 0 (4), 2 (3), 7* (2), 47* (37), 0 (3), 5 (11), 12 (13), 1 (5), 39* (24), 1 (4), 24 (11), 20 (10), 12 (11)

13 ഇന്നിങ്‌സുകളില്‍ 20.23 ശരാശരിയില്‍ 263 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യമെങ്കില്‍ നായകന്‍ സൂര്യക്ക് 19 ഇന്നിങ്‌സുകളില്‍ വെറും 13.87 ശരാശരിയില്‍ 222 റണ്‍സ് മാത്രം. നാല് തവണയാണ് ഗില്‍ ഒറ്റയക്കത്തിനു പുറത്തായത്. സൂര്യയാകട്ടെ ഒന്‍പത് കളികളില്‍ രണ്ടക്കം കാണാതെ കൂടാരം കയറി.

അതേസമയം ഗില്ലിനും സൂര്യക്കും വേണ്ടി ബെഞ്ചില്‍ ഇരിക്കേണ്ടിവരുന്നത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. സഞ്ജു സാംസണ്‍ ട്വന്റി 20 യില്‍ 43 ഇന്നിങ്‌സുകളില്‍ 147.41 സ്‌ട്രൈക് റേറ്റില്‍ 995 റണ്‍സാണ് ഇന്ത്യക്കായി നേടിയിരിക്കുന്നത്.

സൂര്യ നായകനായതുകൊണ്ട് പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റുക അസാധ്യമാണ്. എന്നാല്‍ ഗില്ലിന്റെ കാര്യം അങ്ങനെയല്ല. ടോപ് ഓര്‍ഡറില്‍ പ്രകടനം കൊണ്ട് ഗില്ലിനെക്കാള്‍ ബഹുദൂരം മുന്നിലാണ് സഞ്ജു. എന്നിട്ടും മലയാളി താരത്തെ ഇങ്ങനെ അവഗണിക്കുന്ന ബിസിസിഐയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.

Related Posts