ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വി ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനു ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പ്രതിരോധിക്കാന്‍ ആതിഥേയര്‍ക്കു സാധിക്കാതിരുന്നതിനുള്ള കാരണങ്ങള്‍ ലളിതമാണ്. അതില്‍ ആദ്യത്തെ കാരണം പരിശീലകന് ഗൗതം ഗംഭീറിന്റെ തലതിരിഞ്ഞ പരീക്ഷണങ്ങളാണ് !
പ്ലേയിങ് ഇലവനില്‍ ഓള്‍റൗണ്ടര്‍മാരെ കുത്തിനിറച്ചുള്ള പരീക്ഷണം ഗംഭീര്‍ തുടരുന്നതില്‍ ആരാധകര്‍ക്കു കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യയുടെ ആറാം ബാറ്ററായി ക്രീസിലെത്തുന്നത് വാഷിങ്ടണ്‍ സുന്ദര്‍ ആണ്. ഏഴാമനായി എത്തുന്നത് രവീന്ദ്ര ജഡേജയും. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എട്ടാമത് ഇറങ്ങുന്നത് കോര്ബിന് ബോഷിനെ പോലൊരു ഹാര്‍ഡ് ഹിറ്ററും ! 15 പന്തില്‍ നാല് ഫോറുകള്‍ സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്ന ബോഷ് ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യ വളരെ സുരക്ഷിതമായ നിലയില്‍ നില്ക്കുമ്പോള് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ എടുത്തത് എട്ട് പന്തില്‍ ഒരു റണ്‍സ്, ജഡേജയാകട്ടെ 27 പന്തുകള്‍ നേരിട്ട് 24 റണ്‍സും ! ഇന്ത്യ 40 ഓവറില്‍ 284 റണ്‍സ് നേടിയിരുന്നു. പിന്നീട് അവസാന പത്ത് ഓവറില്‍ നേടാന്‍ സാധിച്ചത് 74 റണ്‍സ് മാത്രം. കൈയില്‍ ആറ് വിക്കറ്റ് ശേഷിച്ചിട്ടും അവസാന പത്ത് ഓവറില്‍ റണ്‍റേറ്റ് എട്ടിലേക്ക് എത്തിക്കാന്‍ പോലും ഇന്ത്യക്ക് സാധിച്ചിട്ടില്ല. റിങ്കു സിങ്, ജിതേഷ് ശര്‍മ തുടങ്ങിയ ഹാര്‍ഡ് ഹിറ്റര്‍മാരെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാന്‍ ഇനിയും ഗംഭീര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യയുടെ ബൗളിങ്ങും ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കി. 10 ഓവറില്‍ 54 വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് മാത്രമാണ് നീതി പുലര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ എറിയാന്‍ നിയോഗിക്കപ്പെട്ട പ്രസിദ്ധ് കൃഷ്ണ വഴങ്ങിയത് 8.2 ഓവറില്‍ 85 റണ്‍സ് ! ഹര്‍ഷിത് റാണയാകട്ടെ 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു ഒരുവിധത്തിലും വെല്ലുവിളിയാകാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ തുടങ്ങിയ പേസര്‍മാരെ പുറത്തിരുത്തിയാണ് വെറും ശരാശരി നിലവാരമുള്ള ഹര്‍ഷിത് റാണയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ഗംഭീര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്.
ഫീല്‍ഡിങ് പിഴവുകളും ഇന്ത്യയുടെ തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഓപ്പണര്‍ ഏദന്‍ മാര്‍ക്രത്തിന്റെ അനായാസ ക്യാച്ച് യശസ്വി ജയ്സ്വാള്‍ നഷ്ടമാക്കിയത് നിര്‍ണായകമായി. മാര്‍ക്രം 53 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ജയ്സ്വാള്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത്. പിന്നീട് സെഞ്ചുറി (98 പന്തില്‍ 110) നേടിയാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗ്രൗണ്ട് വിട്ടത്. ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകള്‍ കാരണം സിംഗിളുകള്‍ ഡബിള്‍ ആക്കാനും പലതവണ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. ബൗണ്ടറി ലൈനിനു അരികിലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പിഴവുകള്‍ ആവര്‍ത്തിച്ചു. 45-ാം ഓവറില്‍ ടോണി ഡി സോര്‍സിയുടെ ക്യാച്ച് വാഷിങ്ടണ്‍ സുന്ദര്‍ കൈവിട്ടു. കൃത്യമായ ജഡ്ജിങ് ഇല്ലാതെ ക്യാച്ചിനായി ഓടുകയായിരുന്നു സുന്ദര്‍. മികച്ച ഫീല്‍ഡര്‍ എന്നു പേരുകേട്ട രവീന്ദ്ര ജഡേജ പോലും ഇത്തവണ ഗ്രൗണ്ടില്‍ നിരാശപ്പെടുത്തി.
















