Cricket Homepage Featured Sports

കോലിയെയും രോഹിത്തിനെയും ഒഴിവാക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം? പുകയുന്നു ഡ്രസിങ് റൂം

ന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുതിര്‍ന്ന താരങ്ങളും മുന്‍ നായകന്‍മാരുമായ വിരാട് കോലിയും രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റുമായി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വാര്‍ത്തകള്‍. ബിസിസിഐയോ താരങ്ങളോ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി കോലിക്കും രോഹിത്തിനും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് വിവരം. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കോലിയും രോഹിത്തും കളിക്കുന്നത്. ഇരുവരും 2027 ഏകദിന ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. അങ്ങനെയൊരു ആഗ്രഹം കോലിക്കും രോഹിത്തിനും ഉണ്ടെങ്കിലും ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇരുവരെയും പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. കോലിയും രോഹിത്തും ഏകദിന ടീമില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആഗ്രഹം ഗംഭീറിനും അഗാര്‍ക്കര്‍ക്കും ഉണ്ട്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ അവരുടെ ആഗ്രഹത്തിനു തിരിച്ചടിയാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലും ഇന്ത്യ ജയിച്ചതില്‍ കോലിയും രോഹിത്തും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളെ എങ്ങനെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ തലവേദന.

ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഗംഭീര്‍-രോഹിത് ബന്ധം വഷളായത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിത്തിനു പദ്ധതിയില്ലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നു മാറ്റാന്‍ ഗംഭീറും അഗാര്‍ക്കറും തീരുമാനിച്ചതില്‍ രോഹിത്തിനു കടുത്ത അതൃപ്തിയുണ്ട്. ഇതേ തുടര്‍ന്നാണ് രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. മുതിര്‍ന്ന താരങ്ങളോടു ടീം മാനേജ്‌മെന്റ് ബഹുമാനം കാണിക്കാത്തതില്‍ കോലിക്കും അതൃപ്തിയുണ്ട്. രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതോടെയാണ് താനും തുടരുന്നില്ലെന്ന തീരുമാനത്തിലേക്ക് കോലി എത്തിയത്. ഇവിടെ മുതലാണ് ടീം മാനേജ്‌മെന്റും മുതിര്‍ന്ന താരങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചത്.

2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മാനേജ്‌മെന്റ് ആലോചിക്കുമ്പോള്‍ ആ പദ്ധതികളില്‍ കോലിയും രോഹിത്തും ഇല്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ സെഞ്ചുറിയടിച്ച രോഹിത്തിനെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടി കളിയിലെ താരമായ കോലിയെയും എങ്ങനെ ഒഴിവാക്കുമെന്നതില്‍ മാത്രം മാനേജ്‌മെന്റിനു ധാരണയില്ല.

ഇന്ത്യന്‍ ടീമിനുള്ളില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തിനു ശേഷം ഹോട്ടലില്‍ എത്തിയ ടീം അംഗങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. നായകന്‍ കെ.എല്‍.രാഹുല്‍ ആണ് കേക്ക് മുറിക്കുന്നത്. ഈ സമയത്ത് ഹോട്ടലിന്റെ പ്രധാന കവാടം കടന്നുവന്ന കോലിയെ ആരോ കേക്ക് കട്ടിങ്ങിലേക്ക് ക്ഷണിച്ചു.

എന്നാല്‍ ‘താന്‍ ഇല്ല’ എന്നു കൈകൊണ്ട് ആംഗ്യം കാണിച്ച ശേഷം കോലി മുറിയിലേക്ക് നടന്നുപോകുകയായിരുന്നു. രോഹിത് ശര്‍മയും ഈ കേക്ക് കട്ടിങ്ങില്‍ പങ്കെടുത്തിട്ടില്ല. എന്തായാലും കാര്യങ്ങള്‍ കൈവിട്ടു പോകും മുന്‍പ് ബിസിസിഐ ഇടപെട്ട് ഒരു ചര്‍ച്ച വെച്ചിട്ടുണ്ട്. ഗംഭീര്‍, അഗാര്‍ക്കര്‍, കോലി, രോഹിത് എന്നിവര്‍ മാത്രമായി ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കഴിയുന്നതോടെ ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ നീങ്ങുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു

Related Posts