Cricket Homepage Featured Sports

രാഹുൽ പോയാലും സഞ്ജു തുടർന്നേക്കില്ല; വില്ലനിപ്പോഴും ടീമിനുള്ളിൽ തന്നെ?

ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതിന് കാരണം. 

എന്നാൽ പരിശീലക സ്ഥാനത്ത് രാഹുലില്ലെങ്കിലും സഞ്ജു ഇനി രാജസ്ഥാനിൽ തുടരാനുള്ള സാധ്യതകൾ കുറവാണെന്ന് പറയേണ്ടി വരും. മാനേജ്മെന്റുമായി സഞ്ജു ഇടയാനുള്ള കാരണം ദ്രാവിഡല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ വില്ലനിപ്പോഴും രാജസ്ഥാൻ കൂടാരത്തിൽ തന്നെ തുടരുകയാണ്. യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും വലിയ വില്ലനെന്നാണ് റിപ്പോർട്ടുകൾ.. നിലവില്‍ റോയല്‍സിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് പരാഗ്. 

എന്തുകൊണ്ട് പരാഗ് വില്ലനാകുന്നുവെന്നല്ലേ? സഞ്ജു സാംസണുള്‍പ്പെടെ റോയല്‍സിലെ മറ്റുള്ളവരെ അപേക്ഷിച്ച് ടീം മാനേജ്‌മെന്റില്‍ വലിയ സ്വാധീനുമുള്ള താരമാണ് പരാഗ്. ഇതിനു പ്രധാന കാരണം പരാഗിന്റെ അമ്മാവന്‍ രഞ്ജിത് ബര്‍താക്കൂറിന്റെ രാജസ്ഥാനിലെ സാനിധ്യം തന്നെ. റോയല്‍സ് ടീമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ റോയല്‍സിന്റെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാനും ബര്‍താക്കൂറിനു സാധിക്കാറുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ നായകനായി നറുക്കുവീണത് പരാഗിനായിരുന്നുവെന്നത് ഈ വാദത്തിന് ശക്തിപകരുന്നു.

സഞ്ജു കഴിഞ്ഞാല്‍ ടീമിലെ കൂടുതല്‍ സീനിയറായ താരം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. ഐപിഎല്ലിൽ രാജസ്ഥാന്റെയും രാജ്യാന്തര തലത്തിൽ ഇന്ത്യൻ ദേശീയ ടീമിലെയും അഭിവാജ്യ ഘടകമാണ് ജയ്സ്വാൾ. ഇവയെല്ലാം റോയല്‍സിന്റെ അടുത്ത ക്യാപ്റ്റനാക്കാന്‍ ജയ്‌സ്വാളിന്റെ സാധ്യകൾക്ക് പ്ലസ് പോയിന്റാണെങ്കിലും പക്ഷെ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് പരാഗിനു ക്യാപ്റ്റനായി അവസരം ലഭിച്ചതിനു പിന്നില്‍ അമ്മാവന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം.

സഞ്ജുവില്ലെങ്കില്‍ നായകനായി പരാഗ് മതിയെന്നു രഞ്ജിത് ബര്‍ത്താക്കൂര്‍ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്നു മുഖ്യ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിനു പോലും ഇതിനോടു അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാഗിനെ സ്ഥിരം ക്യാപ്റ്റനാക്കി പുതിയ ലുക്കിലുള്ള ഒരു റോയല്‍സ് ടീമിനെ വാര്‍ത്തെടുക്കാനുള്ള പ്ലാനാണ് ബര്‍താക്കൂര്‍ അണിയറയില്‍ നടത്തുന്നത്. ഇതിനെക്കുറിച്ചു സഞ്ജുവിനും വ്യക്തമായി അറിയാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇനിയും റോയല്‍സില്‍ തുടര്‍ന്നാല്‍ അതു തന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

പരാഗ് സ്ഥിരം നായകസ്ഥാനത്തേക്കു വരികയും അദ്ദേഹത്തിനു കീഴില്‍ സഞ്ജുവിനു കളിക്കേണ്ടി വരികയും ചെയ്താല്‍ അതു കരിയറിനു വലിയ ക്ഷീണമുണ്ടാക്കും. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവോടെ ഓപ്പണിങ് സ്ഥാനം അദ്ദേഹത്തിനു നഷ്ടമായിക്കഴിഞ്ഞു. ഇനി ക്യാപ്റ്റന്‍സി കൂടി കൈവിട്ടാല്‍ അതു സഞ്ജുവിനു വലിയ തിരിച്ചടിയായി മാറും. 

അതേസമയം, രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് രാജി വയ്ക്കാനുള്ള പ്രധാന കാരണം ടീം ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെന്നാണ് അറിയാൻ സാധിക്കുന്നത്. പരാഗിന്റെ ക്യാപ്റ്റൻസിയിൽ ദ്രാവിഡിനു തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നു. സഞ്ജുവിനു പകരം പരാഗിനെ നായകനാക്കുന്നതിന് ദ്രാവിഡിന് താൽപര്യമില്ലായിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സീസണിലേക്കു രാജസ്ഥാനു വേണ്ടി കളിക്കാനില്ലെന്ന് സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതിനു പിന്നാലെയാണ് ദ്രാവിഡും പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. 

Related Posts