അബുദാബി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയക്രമത്തിൽ മാറ്റം. കടുത്ത ചൂട് കാരണം മത്സരങ്ങൾ വൈകി തുടങ്ങാനാണ് സംഘടകർ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ സമയം വൈകിട്ട് 6 മണിക്ക് മത്സരങ്ങൾ തുടങ്ങണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ കാലാവസ്ഥ പരിഗണിച്ച് എടുത്ത തീരുമാനത്തിൽ, ഇനി എല്ലാ മത്സരങ്ങളും അര മണിക്കൂർ വൈകി യുഎഇ സമയം വൈകിട്ട് 6.30ന് ആയിരിക്കും തുടങ്ങുക.
സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് ടൂർണമെന്റിലെ 19 മത്സരങ്ങളിൽ 18 മത്സരങ്ങളും ഇനി അര മണിക്കൂർ വൈകിയാണ് തുടങ്ങാനാണ് തീരുമാനം. അതായത് ഇന്ത്യൻ സമയം രാത്രി 8 മണിക്കായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 15-ന് അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന യു.എ.ഇ–ഒമാൻ മത്സരം മാത്രമാണ് മാറ്റം വരുത്താത്ത ഏക മത്സരം.
യുഎഇ സമയം വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിക്കുക (ഇന്ത്യൻ സമയം 5.30). മത്സരങ്ങൾ വൈകി ആരംഭിക്കുന്നത് കളിക്കാർക്കും ആരാധകർക്കും കൂടുതൽ അനുയോജ്യമാകുമെന്ന് സംഘാടകർ വ്യക്തമാക്കി. സെപ്റ്റംബർ 14 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 10 ന് ദുബായിൽ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം, ഒമാനുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 19 ന് അബുദാബിയിൽ നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവ ഗ്രൂപ്പ് ബിയിലുമാണ്.
















