ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കും പന്ത് തട്ടാന്‍ എത്തുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനം.
മെസിക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താരങ്ങളാണ് പെലെ, മറഡോണ, റോണാള്‍ഡീനോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍. ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിലെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, ബ്രസീല്‍ ലെജന്‍ഡ് റൊണാള്‍ഡീനോയും കൊല്‍ക്കത്തയിലെത്തിയത് വലിയ പരിപാടിയായിരുന്നു. ഈ പരിപാടികളുടെ വിജയത്തോടെയാണ് മെസിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
കൊല്‍ക്കത്ത വ്യവസായിയും സ്‌പോര്‍ട്‌സ് പ്രൊമോട്ടറുമായ സതാദ്രു ദത്തയാണ് മെസിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. നേരത്തെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച എക്‌സിബിഷനില്‍ സാന്നിധ്യം അറിയിച്ച എമിലിയാനോ മാര്‍ട്ടിനെസ്, റൊണാള്‍ഡീനോ എന്നിവരെ സതാദ്രു ദത്ത ബന്ധപ്പെട്ടു. ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ച് മെസിയോടു പങ്കുവയ്ക്കണമെന്ന് ദത്ത ആവശ്യപ്പെട്ടെന്നാണ് വിവരം. ഇവരുടെ നല്ല അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് മെസി ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
ദത്തയുടെ വാക്കുകള്‍ ഇങ്ങനെ, ‘ ഞാന്‍ അവരോടു (മാര്‍ട്ടിനെസ്, റൊണാള്‍ഡീനോ) പറഞ്ഞു, മെസിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതേ തുടര്‍ന്ന് അവര്‍ മെസിയോടു ഇന്ത്യയിലെ നല്ല അനുഭവങ്ങള്‍ പങ്കുവെച്ചു. മെസിയുടെ വരവിനുള്ള വാതില്‍ തുറന്നിരിക്കുന്നത് അവരുടെ നല്ല വാക്കുകളിലൂടെ കൂടിയാണ്,’
മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുമായി ദത്ത 2024 ജൂലൈയില്‍ സംസാരിച്ചിരുന്നു. മിയാമിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയിലെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ച് പറഞ്ഞതോടെ ജോര്‍ജെ മെസി ഇന്ത്യ സന്ദര്‍ശനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ 2024 ല്‍ അതിനുള്ള സമയമില്ലെന്ന് പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മെസിയുടെ ഇന്ത്യ സന്ദര്‍ശനം 2025 ഡിസംബറിലേക്ക് നീണ്ടത്.
ഇത് ആദ്യമായല്ല മെസി ഇന്ത്യയിലേക്ക് എത്തുന്നത്. 2011 ല്‍ വെനസ്വേലയ്‌ക്കെതിരെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് മെസി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
2025 ഫെബ്രുവരിയില്‍ ദത്ത മെസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിനും മെസിക്കുമുള്ള സ്വീകാര്യത വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോയും ദത്ത മെസിയെ കാണിച്ചു. ഇതെല്ലാം മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിനുള്ള കാരണങ്ങളായി.
















