Cricket Homepage Featured Sports

സഞ്ജു സ്ട്രൈക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം. 

ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി തികച്ചു. 37 പന്തിൽ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 62 റൺസാണ് താരം അടിച്ചെടുത്തത്. വിനുപ് മനോഹരൻ 42 റൺസുമായി മികച്ച പിന്തുണ നൽകി. മധ്യനിരയിൽ 45 റൺസെടുത്ത നിഖിലിന്റെയും 26 റൺസെടുത്ത ജോബിൻ ജോബിയുടെയും പ്രകടനം കൊച്ചിയെ ഭേദപ്പെട്ട നിലയിലെത്തിക്കുകയായിരുന്നു. ട്രിവാൻഡ്രത്തിനായി അഭിജിത് പ്രവീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ട് റണ്‍സെടുക്കുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് പൈ, റിയ ബഷീര്‍ എന്നിവര്‍ ഡക്കായി മടങ്ങി. മൂന്നാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും സഞ്ജീവ് സതീശനും ചേര്‍ന്ന് ടീമിനെ കരകയറ്റി. കൃഷ്ണ പ്രസാദ് 36 റണ്‍സെടുത്ത് പുറത്തായി.

നാലാമനായി ക്രീസിലെത്തിയ സഞ്ജീവിന്റെയും അഞ്ചാമനായി ഇറങ്ങിയ അബ്ദുൾ ബാസിത്തിന്റെയും ബാറ്റിങ് ഒരു ഘട്ടത്തിൽ ട്രിവാൻഡ്രത്തിന്റെ വിജയ സാധ്യതകൾ സജീവമാക്കി. സഞ്ജീവ് 46 പന്തിൽ 70 റൺസ് നേടി പുറത്തായി. 27 പന്തിൽ 41 റൺസാണ് അബ്ദുൾ ബാസിത്തിന്റെ സമ്പാദ്യം. നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിന് ട്രിവാന്‍ഡ്രത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. മുഹമ്മദ് ആഷിഖ് കൊച്ചിക്കായി രണ്ടുവിക്കറ്റെടുത്തു.

Related Posts