ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഓണ്‍ലൈന്‍ മണി ഗെയിം നിരോധന നിയമം നടപ്പാക്കിയതോടെ ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഡ്രീം ഇലവന്‍ കാണില്ല. ഏഷ്യാ കപ്പിനൊരുങ്ങുന്ന ടീം ഇന്ത്യ പുതിയ ജേഴ്‌സി സ്‌പോണ്‍സറെ തേടുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പുതിയ സ്‌പോണ്‍സര്‍ എത്തിയില്ലെങ്കില്‍ സ്‌പോണ്‍സറുടെ പേരില്ലാത്ത ജേഴ്‌സി ധരിച്ചാകും ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുക.
ഇന്ത്യന്‍ ടീമിനു മാത്രമല്ല താരങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നേരിടുക. വിരാട് കോലി മുതല്‍ രാഹുല്‍ ചഹര്‍ വരെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഓണ്‍ലൈന്‍ മണി ഗെയിം ആപ്പുകളുമായി പരസ്യ കരാര്‍ ഉള്ളവരാണ്. ഗെയിം ആപ്പുകള്‍ നിരോധിച്ചതിനാല്‍ ഈ വരുമാനമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു നഷ്ടമാകും. രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, പാണ്ഡ്യ സഹോദരങ്ങളായ ഹാര്‍ദിക്, ക്രുണാല്‍ എന്നിവരെല്ലാം ഡ്രീം ഇലവന്‍ പരസ്യ ബ്രാന്‍ഡുകളാണ്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, മുന്‍ താരവും ബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി എന്നിവരെല്ലാം മൈ ഇലവന്‍ സര്‍ക്കിളുമായി സഹകരിച്ചിരുന്നവര്‍. വിരാട് കോലി എംപിഎല്‍, മഹേന്ദ്രസിങ് ധോണി വിന്‍സോ എന്നീ ബ്രാന്‍ഡുകള്‍ക്കൊപ്പവുമായിരുന്നു. ഈ ഈ ആപ്പുകളുടെ നിരോധനത്തിലൂടെ മാത്രം ഏതാണ്ട് 200 കോടി വരുമാനമാണ് ഇന്ത്യന്‍ താരങ്ങളുടെ നഷ്ടം.
എംപിഎല്ലുമായി വിരാട് കോലിയുടെ വാര്‍ഷിക കരാര്‍ 10 മുതല്‍ 12 കോടി വരെയാണ്. രോഹിത് ശര്‍മയ്ക്കും മഹേന്ദ്രസിങ് ധോണിക്കും 6-7 കോടി വരെയായിരുന്നു വാര്‍ഷിക വരുമാനം. ഐപിഎല്ലിനാണ് മറ്റൊരു പ്രധാന നഷ്ടം. മൈ ഇലവന്‍ സര്‍ക്കിള്‍ ഐപിഎല്ലിന്റെ അസോസിയേറ്റ് സ്‌പോണ്‍സറാണ്. മൈ ഇലവന്‍ സര്‍ക്കിളിലൂടെ ബിസിസിഐയ്ക്കു 125 കോടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. മാത്രമല്ല ഐപിഎല്‍ ഫ്രാഞ്ചൈസികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവര്‍ മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ ഗെയിം പ്ലാറ്റ്‌ഫോമുകള്‍ വഴി വര്‍ഷത്തില്‍ 10-12 കോടി നേടിയിരുന്നു.
ഓണ്‍ലൈന്‍ ഗെയിം നിരോധന നിയമം പ്രാബല്യത്തില്‍ വന്നതോടെ ക്രിക്കറ്റ് വ്യവസായത്തിനു വര്‍ഷത്തില്‍ 8000 മുതല്‍ 10,000 കോടി വരെ നഷ്ടമുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഇത്തരം ഗെയിമുകളില്‍ അടിമകളായ ഗെയിമര്‍മാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓണ്‍ലൈന്‍ മണി ഗെയിംസ് നിരോധിക്കുന്നതിലൂടെ സമൂഹത്തെ വലിയൊരു ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം ക്രിക്കറ്റ് വ്യവസായത്തിനു ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.