Cricket Homepage Featured Sports

‘ക്രിക്കറ്റ് ബ്രെയിന്‍’ ഐപിഎല്ലും നിര്‍ത്തി; നന്ദി അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം പ്രത്യേകമായ പുതിയൊരു തുടക്കവും. എല്ലാ അവസാനങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നാണ് പറയുന്നത്, ഐപിഎല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ സമയം അവസാനിച്ചു. പക്ഷേ ക്രിക്കറ്റിന്റെ വ്യത്യസ്തമായ ലീഗുകളിലൂടെയുള്ള യാത്ര ഇപ്പോള്‍ ആരംഭിക്കുന്നു,’ അശ്വിന്‍ കുറിച്ചു.

38 കാരനായ അശ്വിന്‍ കഴിഞ്ഞ വര്‍ഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നിട്ടും 2025 ഐപിഎല്‍ മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അശ്വിനായി 9.75 കോടി ചെലവഴിച്ചു. 2009 മുതല്‍ 2015 വരെ ചെന്നൈയ്ക്കായി കളിച്ച താരം പിന്നീട് പൂണെ സൂപ്പര്‍ ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളുടെ ഭാഗമായിട്ടുണ്ട്. 2025 സീസണില്‍ ചെന്നൈയ്ക്കായി ഒന്‍പത് കളികളില്‍ അശ്വിന്‍ ഇറങ്ങിയെങ്കിലും ഏഴ് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും നിരാശപ്പെടുത്തി (ഒന്‍പത് കളിയില്‍ 8.25 ശരാശരിയില്‍ 33 റണ്‍സ് മാത്രം). കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് അശ്വിന്റെ ഐപിഎല്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 7.20 ഇക്കോണമിയില്‍ 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ 221 മത്സരങ്ങളില്‍ നിന്നായി 13.02 ശരാശരിയില്‍ 833 റണ്‍സ്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ബാറ്റിങ്ങില്‍ നേടാനായത്. അതേസമയം അശ്വിന്‍ തുടര്‍ന്നും ചെന്നൈ ഫ്രാഞ്ചൈസിയുടെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെന്റര്‍, പരിശീലകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങാന്‍ പ്രാഗത്ഭ്യമുള്ള താരമാണ് അശ്വിന്‍. വരാനിരിക്കുന്ന സീസണില്‍ അശ്വിനെ മെന്ററാക്കി നിര്‍ത്താന്‍ ചെന്നൈ ആലോചിക്കുന്നുണ്ട്. താരത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.

Related Posts