വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഏറ്റവും ഇഷ്ടത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഇന്നിങ്‌സ് ശ്രീലങ്കന്‍ പര്യടനത്തിലെ 145 റണ്‍സാണ്. അതൊരു തകര്‍ക്കാനാവാത്ത ഇന്നിങ്‌സായിരുന്നു. പരമ്പര 1-1 എന്ന നിലയിലായിരുന്നതിനാല്‍ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ബാറ്റിങ്ങിനു ദുഷ്‌കരമായ പിച്ചിലായിരുന്നു കളി. മാത്രമല്ല പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ ഞാന്‍ കളിച്ചിട്ടില്ല. മൂന്നാം ടെസ്റ്റില്‍ ഓപ്പണറാകാനും നിയോഗിക്കപ്പെട്ടു,’ പുജാര പറഞ്ഞു.
2018 ല്‍ അഡ്‌ലെയ്ഡില്‍ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 123 റണ്‍സിന്റെ ഇന്നിങ്‌സും പുജാര ഓര്‍ക്കുന്നു. അന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുകയും ഓസ്‌ട്രേലിയയില്‍ വെച്ച് പരമ്പര നേടുകയും ചെയ്തു. അതൊരു ചരിത്ര പരമ്പരയായിരുന്നു. ഈ ഇന്നിങ്‌സും തന്റെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നതായി പുജാര പറയുന്നു. 2017 ല്‍ ബെംഗളൂരുവില്‍ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 92 റണ്‍സ് ഇന്നിങ്‌സും പുജാര മറന്നിട്ടില്ല. പൂണെയില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ പ്രതിരോധത്തിലായിരുന്നു. അപ്പോഴാണ് രണ്ടാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് വളരെ നിര്‍ണായകമായ പുജാരയുടെ 92 റണ്‍സ് പിറക്കുന്നത്.
2021 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചും പുജാര വാചാലനായി. ഗാബ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 56 റണ്‍സ് വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തില്‍ ഒട്ടേറെ തവണ പന്ത് കൊണ്ടു. അപ്രതീക്ഷിത ബൗണ്‍സ് ലഭിച്ചിരുന്ന പിച്ചായിരുന്നു. ഓസ്‌ട്രേലിയയുടെ ബൗളിങ് ലൈനപ്പും ബാറ്റിങ്ങിനു ദുഷ്‌കരമായ സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ഗാബ ടെസ്റ്റിലെ ഇന്നിങ്‌സ് വളരെ മൂല്യമുള്ളതാണെന്ന് പുജാര പറഞ്ഞു.
പന്ത് ബാറ്റ് കൊണ്ട് പ്രതിരോധിക്കുന്നതിനേക്കാള്‍ ശരീരം കൊണ്ട് പ്രതിരോധിക്കുകയായിരുന്നു ഗാബയിലെ തന്ത്രം. അത് വിജയം കണ്ടു. ഇതിന്റെ ഫലമായി തന്റെ വിരലിനു പോലും പരുക്കേറ്റു. എന്നാല്‍ ഗാബയില്‍ സഹിച്ച വേദനകളെല്ലാം വിലയുള്ളതായിരുന്നു. കാരണം ഈ ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയെന്നും പുജാര പറയുന്നു.