Football Sports

ഇന്ത്യൻ ഫുട്ബോളിന് വീണ്ടും വിലക്കേർപ്പെടുത്തും; മുന്നറിയിപ്പുമായി ഫിഫയും എഎഫ്സിയും

ന്യുഡൽഹി: ഭരണഘടന അംഗീകരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിഫ. ഒക്ടോബർ 30നകം പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വിലക്കേർപ്പെടുത്തുമെന്നും എഐഎഫ്എഫിന് അയച്ച രണ്ട് പേജുള്ള കത്തിൽ ഫിഫ വ്യക്തമാക്കി. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന ലോകചാംപ്യന്മാരായ അർജന്റീനയുടെ ഇന്ത്യ സന്ദർശനവും ഇന്ത്യൻ സൂപ്പർ ലീഗുമെല്ലാം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണ് ഫുട്ബോൾ ആരാധകർ. സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഫിഫ കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ഓഗസ്റ്റ് 28 വ്യാഴാഴ്ച്ച സുപ്രീംകോടതി കേസ് പരിഗണിക്കും. 

2036ൽ ഒളിമ്പിക്സിന് വേദിയാകാനുള്ള  ഇന്ത്യയുടെ ശ്രമങ്ങൾക്കും ഫിഫ വിലക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഭരണഘടനയും ഭരണ സമിതിയും സംബന്ധിച്ച തർക്കം 2017 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഇതിൽ വാദം പൂർത്തിയായെങ്കിലും വിധി വൈകുന്നതാണ് ഐഎസ്എൽ അടക്കമുള്ള ടൂർണമെന്റുകളുടെ പോലും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 30നകം പുതുക്കിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ എഐഎഫ്എഫ്ന് വിലക്കെർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തിയിരിക്കുന്നത്. 

ഇതാദ്യമായല്ല ഇന്ത്യൻ ഫുട്‌ബോൾ വിലക്ക് നേരിടുന്നത്. 2022 ഓഗസ്റ്റിലും സമാനമായ വിലക്ക് ഇന്ത്യൻ ഫുട്‌ബോളിന് ഫിഫ ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എഐഎഫ്എഫ് നിയന്ത്രിച്ചതിനെ തുടർന്നായിരുന്നു വിലക്ക്. ഫിഫ ചട്ടമനുസരിച്ച് ‘മൂന്നാം കക്ഷി ഇടപെടൽ’ സാധ്യമല്ല. 

വീണ്ടും വിലക്ക് നേരിടേണ്ടി വരുകയാണെങ്കിൽ ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നത് അനിശ്ചിതത്ത്വത്തിലാവും. ഐ.എസ്.എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിലാണ് തീരുമാനമായത്. അതിനു പിന്നാലെയാണ് ഈയൊരു തീരുമാനം വന്നത്. ഒക്ടോബർ 24ന് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കാമെന്നാണ് ധാരണ. ഇന്ത്യൻ ടീമിന്റെ രാജ്യാന്തര മത്സരങ്ങൾക്കു മാത്രമല്ല വിലക്ക് തിരിച്ചടിയാവുക മറ്റു ക്ലബുകൾ ഇന്ത്യയിൽ വരുന്നതിനെയും ഇത് ബാധിച്ചേക്കാം. എഎഫ്സി ചാംപ്യൻസ് ലീഗിന്റെ ഭാഗമായി റൊണാൾഡോയുടെ അൽ നാസർ ക്ലബ്ബ് എഫ്.സി ഗോവയെ ഇന്ത്യയിൽ നേരിടും. ഇതും നിലവിലത്തെ സാഹചര്യത്തിൽ നടക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. 

Related Posts