Cricket Homepage Featured Sports

‘തള്ളാനും വയ്യ കൊള്ളാനും വയ്യ’; സഞ്ജുവിന്റെ കെസിഎല്‍ സെഞ്ചുറിയും ഏഷ്യാ കപ്പ് മോഹവും

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍.

ഇന്നലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ഏരീസ് കൊല്ലം സൈലേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജയിച്ചത് നാല് വിക്കറ്റിനാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടിയപ്പോള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ലക്ഷ്യംകണ്ടു. 51 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതം 121 റണ്‍സ് നേടിയ സഞ്ജുവാണ് കൊച്ചിയുടെ വിജയശില്‍പ്പിയും കളിയിലെ താരവും. 237.25 പ്രഹരശേഷിയിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

അതേസമയം ഈ ഇന്നിങ്‌സിന്റെ കരുത്തില്‍ മാത്രം സഞ്ജുവിനു ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം രാജ്യാന്തര ക്രിക്കറ്റിലെ പ്ലേയിങ് ഇലവന്‍ സെലക്ഷനില്‍ കേരളത്തില്‍ മാത്രമായി നടക്കുന്ന ഒരു ലീഗ് അത്രത്തോളം സ്വാധീനം ചെലുത്തില്ല. അപ്പോഴും ഓപ്പണറായി ഇറങ്ങി 200 നു മുകളില്‍ സ്‌ട്രൈക് റേറ്റോടെ നേടിയ സഞ്ജുവിന്റെ സെഞ്ചുറിയെ പൂര്‍ണമായി തള്ളാനും സെലക്ടര്‍മാര്‍ക്കു ബുദ്ധിമുട്ടുണ്ടാകും.

അതോടൊപ്പം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയും ഏഷ്യാ കപ്പില്‍ ചര്‍ച്ചയായേക്കും. കാരണം കെസിഎല്ലില്‍ സഞ്ജു ആദ്യം ബാറ്റ് ചെയ്ത കളിയില്‍ 22 പന്തില്‍ 13 റണ്‍സ് മാത്രമാണ് സഞ്ജുവിനു നേടാന്‍ സാധിച്ചത്. ആറാമനായാണ് ഈ കളിയില്‍ സഞ്ജു ബാറ്റ് ചെയ്യാനെത്തിയത്. അതായത് ഓപ്പണിങ്ങില്‍ അല്ലാതെ മറ്റൊരു പൊസിഷനിലും സഞ്ജുവിനു തിളങ്ങാന്‍ സാധിക്കുന്നില്ലെന്ന് അടിവരയിടുന്ന ഒരു ഇന്നിങ്‌സ് ആയിരുന്നു അത്.

ഏഷ്യാ കപ്പ് ടീമില്‍ ഉപനായകനായി ശുഭ്മാന്‍ ഗില്‍ ഇടംപിടിച്ചതാണ് സഞ്ജുവിന്റെ സാധ്യതകള്‍ അടയ്ക്കുന്നത്. അഭിഷേക് ശര്‍മ പ്രധാന ഓപ്പണറായി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ സഹഓപ്പണറായി ഗില്ലോ സഞ്ജുവോ എന്ന ചോദ്യമാണ് ഇന്ത്യക്ക് മുന്നില്‍ അവശേഷിക്കുന്നത്. ഉപനായകനെ ഒഴിവാക്കി സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ ഓപ്പണര്‍ വേഷം ലഭിക്കണമെങ്കില്‍ കെ.സി.എല്ലിലെ സെഞ്ചുറി കൊണ്ട് മാത്രം സാധ്യമല്ല. മാത്രമല്ല കെസിഎല്ലില്‍ ആറാം നമ്പറില്‍ ഇറങ്ങി നിരാശപ്പെടുത്തിയതിനാല്‍ ഓപ്പണിങ് അല്ലാതെ മറ്റൊരു സ്ലോട്ടിലേക്കും സഞ്ജുവിനെ പരിഗണിക്കാന്‍ ഇന്ത്യ തയ്യാറാകുകയുമില്ല. ചുരുക്കിപറഞ്ഞാല്‍ ‘തള്ളാനും കൊള്ളാനും’ കഴിയാത്ത അവസ്ഥയിലാണ് ഏഷ്യാ കപ്പിലെ സഞ്ജുവിന്റെ സാധ്യതകള്‍.

Related Posts