Cricket Sports

സച്ചിന്റെ വാക്കുകള്‍ അനുസരിച്ചതില്‍ ഖേദം തോന്നി; രാഹുല്‍ ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍ 

സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍. 

സച്ചിന്റെ നിര്‍ദേശം കേട്ട് താനെടുത്ത ഒരു തീരുമാനത്തില്‍ ഖേദം തോന്നിയിട്ടുണ്ടെന്നാണ് ദ്രാവിഡ് വെളിപ്പെടുത്തിയത്. രവിചന്ദ്രന്‍ അശ്വിന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. 2011 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സച്ചിന്റെ നിര്‍ദേശം കേട്ട് ഡി.ആര്‍.എസ് എടുക്കാതിരുന്നതിനാല്‍ തനിക്കു വിക്കറ്റ് നഷ്ടമായെന്നാണ് ദ്രാവിഡ് പറയുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെയാണ് സംഭവം. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി രാഹുല്‍ ദ്രാവിഡ് പുറത്താകുകയായിരുന്നു. ഈ സമയത്ത് സച്ചിന്‍ ആയിരുന്നു നോണ്‍ സ്‌ട്രൈക്കര്‍ ക്രീസില്‍. ആന്‍ഡേഴ്‌സണിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ‘ടക്’ ശബ്ദം കേട്ടു. എന്നാല്‍ ബാറ്റില്‍ പന്ത് കൊണ്ടതായി തനിക്കു തോന്നിയിട്ടില്ലെന്നും ദ്രാവിഡ് പറയുന്നു. ഈ പന്ത് വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ കൈക്കലാക്കി. ഇംഗ്ലണ്ട് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും പ്രധാന അംപയര്‍ ആയ സൈമണ്‍ ടഫല്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. 

‘ ശരിയാണ് അപ്പോള്‍ ഒരു ശബ്ദം ഉണ്ടായിരുന്നു. പക്ഷേ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് എനിക്കു തോന്നി. എന്നാല്‍ സൈമണ്‍ ടഫല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന നല്ലൊരു അംപയറാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനും തോന്നിയില്ല. അദ്ദേഹം ഔട്ട് അനുവദിച്ചു. ആ സമയത്ത് ഞാന്‍ സച്ചിന്റെ അടുത്തേക്ക് നടന്നു, ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് ഞാന്‍ സച്ചിനോടു പറഞ്ഞു. ഒരു ശബ്ദം കേട്ടെന്നും ബാറ്റില്‍ കൊണ്ടിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും സച്ചിന്‍ പറഞ്ഞു. അതുകൊണ്ടാണ് ഡി.ആര്‍.എസ് എടുക്കാതെ പോയത്. പിന്നീട് ഡ്രസിങ് റൂമിലേക്ക് കയറി പോകുന്ന സമയത്ത് റീപ്ലേകള്‍ കണ്ടു. അതില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നു വ്യക്തമായി,’ ദ്രാവിഡ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 461 റണ്‍സ് നേടിയ ദ്രാവിഡ് ആയിരുന്നു പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. മൂന്ന് സെഞ്ചുറികളും താരം നേടിയിരുന്നു.

Related Posts