Cricket Sports

രോഹിത്തിന്റെ‌ പകരക്കാരൻ സഞ്ജുവോ? ഗില്ലിനൊപ്പം പരിഗണനയിൽ മൂന്ന് താരങ്ങൾ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം ഇന്ത്യ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയൻ പര്യടനമാണ്. ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കാൻ പോകുന്നത് മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. നായകനും സൂപ്പർ ഓപ്പണറുമായ രോഹിത് ശർമയുടേയും ഇതിഹാസ താരം വിരാട് കോഹ്ലിയുടേയും അവസാന പരമ്പരയായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇരുവരും ഓസ്‌ട്രേലിയൻ പരമ്പരക്ക് ശേഷം വിരമിക്കൽ പ്രഖ്യാപ​നം നടത്താനുള്ള സാധ്യത കൂടുതലാണ്. രണ്ട് പേരും നേരത്തെ തന്നെ ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നു. 2027ൽ അടുത്ത ഏകദിന ലോകകപ്പ്  നടക്കാനിരിക്കെ ഇതിനുള്ള ബാല്യം ഇരുവർക്കുമില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയോടെ ഇരുവരും പാഡഴിച്ചേക്കും. വിരാട് കോഹ്ലി വിരമിക്കുമ്പോൾ ശുഭ്മാൻ ഗിൽ ആ സ്ഥാനത്തേക്ക് വരാൻ സജ്ജമാണ്. എന്നാൽ ഏകദിനത്തിൽ ഓപ്പണറായി രോഹിത് ശർമയ്ക്ക് പകരം ആരെത്തും എന്നതാണ് പ്രധാന ചോദ്യം.

അത്ര എളുപ്പം ഇതിനുള്ള ഉത്തരം കിട്ടില്ലെന്ന് നിസംശയം പറയാം. ഹിറ്റ്മാനെപ്പോലെ അക്രമ സ്വഭാവമുള്ള ഒരു ഓപ്പണർക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെക്കുറെ അസാധ്യമാണ്. പക്ഷേ രോഹിത്തിന് പകരക്കാരനായി ഒരാൾ എന്തായാലും വരണം. ഓപ്പണർമാരായി ഇന്ത്യക്ക് ആരെയൊക്കെ പരിഗണിക്കാൻ സാധിക്കും?

1. സായ് സുദർശൻ

ഏകദിനത്തിൽ ഓപ്പണറായി ഇന്ത്യക്ക് ഉയർത്തിയെടുക്കാൻ സാധിക്കുന്ന താരങ്ങളിൽ ഒരാളാണ് സായ് സുദർശൻ. അതിവേഗം റൺസ് ഉയർത്താൻ കഴിയില്ലെങ്കിലും ക്ലാസിക് ശൈലിയിൽ റൺസ് ഉയർത്താൻ അസാധ്യമായ മികവാണ് സായിക്ക്.  ഇടം കൈയ്യൻ ഓപ്പണർ ഇതിനോടകം തന്നെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച പിന്തുണ ലഭിച്ചാൽ ഇന്ത്യക്കായി ഏകദിനത്തിൽ മിന്നിക്കാൻ ശേഷിയുള്ള താരമാണ് സായ് സുദർശൻ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി വെടിക്കെട്ട് തീർത്ത് കൈയ്യടി നേടിയിട്ടുള്ള താരം കൂടിയാണ് സായ്.

2. കെ.എൽ രാഹുൽ

രോഹിത് ശർമ പടിയിറങ്ങിയാൽ ഓപ്പണർ റോളിലേക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു സീനിയർ താരമാണ് കെ.എൽ രാഹുൽ. എന്നാൽ രാഹുലിനെയും അതിവേഗം റൺസ് ഉയർത്താൻ കഴിയുന്ന ഓപ്പണറായി കരുതാനാകില്ല. അതേസമയം പതിയെ നിന്ന് റൺസുയർത്താനും വലിയ സ്‌കോറിലേക്ക് എത്തിക്കാനും ശേഷിയുള്ള രാഹുലിന് സാധിക്കും. താരത്തിന്റെ മികവ് പരിഗണിക്കുകയാണെങ്കിൽ വിരാട് കോഹ്ലിയോടും രോഹിത് ശർമയോടും ചേർന്ന് നിൽക്കുന്ന പ്രകടനം തന്നെയാണ് രാഹുൽ. നിലവിൽ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പർ റോളിലുള്ള രാഹുലിനെ ഓപ്പണറാക്കാൻ ഇന്ത്യ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം.

3. സഞ്ജു സാംസൺ 

ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ഏകദിനത്തിൽ മധ്യനിരയിലാണ് ഇന്ത്യ സഞ്ജുവിനെ കൂടുതൽ കളിപ്പിച്ചിട്ടുള്ളത്. ഏകദിനത്തിൽ 56.67 ശരാശരിയിൽ 512 റൺസ് നേടിയിട്ടും സഞ്ജുവിനെ ഇന്ത്യ ഏകദിനത്തിൽ കാര്യമായി പിന്തുണച്ചിട്ടില്ല. അവസരം ലഭിക്കുകയാണെങ്കിൽ ഓപ്പണിങ്ങിൽ തിളങ്ങാനുള്ള കഴിവ് സഞ്ജുവിനുണ്ട്. രോഹിത് ശർമയെ പോലെ തന്നെ കടന്നാക്രമിക്കാൻ സഞ്ജുവിന് കഴിയും. എന്നാൽ മലയാളി താരത്തിന് വലിയ രീതിയിലുള്ള പിന്തുണ ലഭിക്കാൻ സാധ്യത കുറവാണെന്നും വിലയിരുത്തലുകൾ ഉണ്ട്.

Related Posts