കാറ്റും കോളും ഒഴിഞ്ഞു, ഫുട്‌ബോള്‍ മിശിഹ സാക്ഷാല്‍ ലയണല്‍ മെസി മലയാളക്കരയിലേക്ക്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കേരളത്തിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തുന്നു. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. കേരളത്തിനുള്ള ഓണ സമ്മാനമെന്നാണ് ഈ വർത്തയെ മന്ത്രി വിശേഷിപ്പിത്തത്.
മെസി വരുന്നത് എന്ന്?
നവംബര്‍ പത്തിനും 18 നും ഇടയിലുള്ള ദിവസമാണ് അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ലോകകപ്പ് നേടിയ ടീമാണ് കേരളത്തില്‍ കളിക്കുക. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കളി എങ്ങനെ?
ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക ഒരു മത്സരമാണ്. എതിരാളികള്‍ ആരായിരിക്കുമെന്ന് ഉറപ്പായിട്ടില്ല. ലയണല്‍ മെസിയായിരിക്കും അര്‍ജന്റൈന്‍ ടീമിനെ നയിക്കുക. എതിരാളികളെ ഉടന്‍ തീരുമാനിക്കുമെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
വമ്പന്‍ സ്വീകരണം
അര്‍ജന്റീന ടീമിനു സംസ്ഥാന സര്‍ക്കാര്‍ വക വമ്പന്‍ സ്വീകരണമൊരുക്കും. ടിക്കറ്റ് അടിസ്ഥാനത്തിലാകും കാണികള്‍ക്കു പ്രവേശനം. ടൂറിസത്തെ ആകര്‍ഷിക്കാനായി വിദേശികള്‍ക്കു പ്രത്യേക ടിക്കറ്റ് സംവിധാനം ഒരുക്കുമെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കാനും അര്‍ജന്റീന ടീമിന്റെ സുരക്ഷയ്ക്കുമായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. മലയാളത്തിലെ വാര്‍ത്താചാനലുകളിലൂടെ തത്സമയ സംപ്രേഷണം ഉണ്ടാകും. സംസ്ഥാനത്തെ ടൂറിസം പരിപാടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും സുപ്രധാന പദ്ധതി മെസിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്ന കാര്യവും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ആശങ്കകള്‍ക്കു അവസാനം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത്. ഇതിനായുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാരിനു ഒറ്റയ്ക്കു താങ്ങാന്‍ സാധിക്കാത്തതുകൊണ്ട് സ്‌പോണസര്‍മാരെ തേടി. ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്‌പോണസര്‍മാരായി. 2024 ഡിസംബര്‍ 20 നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറില്‍ ഒപ്പിട്ടത്. ഇതിനിടെ അര്‍ജന്റീന ടീം കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തകളും പ്രചരിച്ചു. ഒടുവില്‍ ഈ പ്രചരണങ്ങളെയെല്ലാം കാറ്റില്‍പറത്തി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ ആ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ്.
ടീമിലെ പ്രമുഖര്‍
ലയണല്‍ മെസിക്കൊപ്പം അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍ തുടങ്ങിയ താരങ്ങളും കേരളത്തിലെത്തും.