തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ ആ സന്തോഷ വാർത്തയെത്തി. മെസ്സിയും ടീമും കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിക്കുന്നു. നേരത്തെ, അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു.
2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും.