ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് !
കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം കുട്ടിക്രിക്കറ്റിനോടു ഗുഡ് ബൈ പറഞ്ഞെങ്കിലും അവരുടെ അസാന്നിധ്യം മറികടക്കാന്‍ ഇന്ത്യക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്നാൽ ഒരു പൊസിഷനിലെ ആശങ്ക ഇപ്പോഴും തുടരുന്നു.
ഏഷ്യാ കപ്പിനുള്ള ടീമില്‍ ഓപ്പണിങ്ങിങ് സ്ലോട്ടിലേക്ക് ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇടംപിടിച്ചത്. വെടിക്കെട്ട് ബാറ്ററായ യശസ്വി ജയ്‌സ്വാള്‍ പുറത്താണെന്ന് ഓര്‍ക്കണം. ഇഷാന്‍ കിഷന്‍, സായ് സുദര്‍ശന്‍ തുടങ്ങിയ താരങ്ങളും പുറത്തുണ്ട്. മൂന്നാം നമ്പറില്‍ തിലക് വര്‍മ സ്ഥാനം പിടിച്ചപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരാണ് അവസരം കിട്ടാതെ തഴയപ്പെട്ടത്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് ഉണ്ട്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ജിതേഷ് ശര്‍മയും റിങ്കു സിങ്ങും. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍. എന്നാല്‍ ഇന്ത്യ വെള്ളംകുടിക്കാന്‍ പോകുന്നത് എട്ടാം നമ്പറില്‍ ആര് വേണമെന്ന ചോദ്യത്തിനാണ്.
ബൗളിങ്ങില്‍ വിശ്വസിക്കാമെങ്കിലും ബാറ്റിങ്ങില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയാത്ത പ്രസിദ്ധ് കൃഷ്ണയെ എട്ടാം നമ്പറില്‍ ഇറക്കുക ബുദ്ധിയല്ല. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരു എക്‌സ്‌പ്ലോസീവ് ബാറ്ററും അതേസമയം ബൗളിങ്ങില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുന്ന താരത്തെയുമാണ് എട്ടാം നമ്പറില്‍ ഇന്ത്യക്ക് വേണ്ടത്. അങ്ങനെയൊരു താരം നിലവില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇല്ല.
ഹര്‍ഷിത് റാണയാണ് മറ്റൊരു ചോയ്‌സ്. നേരത്തെ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറച്ചെങ്കിലും ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്ന താരം. ടി20, ലിസ്റ്റ് എ ക്രിക്കറ്റ് സ്‌ട്രൈക് റേറ്റുകള്‍ യഥാക്രമം 105.35, 75.7 എന്നിങ്ങനെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 32.8 ശരാശരിയും 595 പന്തുകള്‍ നേരിട്ട് 27 സിക്‌സുകളും നേടിയിട്ടുണ്ട്. ഹര്‍ഷിതിനെ എട്ടാം നമ്പറില്‍ ഇറക്കിയാല്‍ ഇന്ത്യക്ക് രണ്ട് സ്പിന്നര്‍മാരെ ഒന്നിച്ചു ഉപയോഗിക്കാനും സാധിക്കും. അതേസമയം ഹര്‍ഷിത് ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ അത് ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത്തിനെ സാരമായ നിലയില്‍ പ്രതികൂലമായി ബാധിക്കും. യുവതാരം വിപ്രജ് നിഗത്തെ ഭാവിയില്‍ എട്ടാം നമ്പറില്‍ ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കാം. കഴിഞ്ഞ ഐപിഎല്ലില്‍ 79 ബോളില്‍ എട്ട് സിക്‌സുകളാണ് വിപ്രജ് പറത്തിയത്.
എട്ടാം നമ്പര്‍ തലവേദന മറികടക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു പോംവഴി ബൗളിങ് കരുത്ത് കുറച്ച് ശിവം ദുബെയെ കളിപ്പിക്കുകയാണ്. അപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവരില്‍ നിന്ന് എട്ട് ഓവര്‍ ഇന്ത്യക്ക് ലഭിക്കുകയും ബാക്കി 12 ഓവറിലേക്ക് മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ ഉപയോഗിക്കാനും സാധിക്കും. പിച്ചിന്റെ അവസ്ഥ പരിഗണിച്ച് ഒരു സ്പിന്നര്‍ അധികം വേണ്ട സമയത്ത് ഈ രീതി ഇന്ത്യക്ക് ദോഷം ചെയ്യാനും സാധ്യതയുണ്ട്.
















