ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക !
ഗില്ലിനൊപ്പം ആര്?
ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതോടെ ഒരു ഓപ്പണറുടെ കാര്യത്തില്‍ തീരുമാനമായി. ഗില്ലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും എന്നതാണ് ഇനിയുള്ള ചോദ്യം ! സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമിലുണ്ട്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന ശൈലിയുള്ള അഭിഷേക് ശര്‍മയ്ക്കായിരിക്കും നറുക്ക് വീഴുക. അങ്ങനെ വന്നാല്‍ സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം ലഭിക്കില്ല !
സഞ്ജു മധ്യനിരയില്‍?
ഗില്ലും അഭിഷേകും ഓപ്പണര്‍മാരായാല്‍ സഞ്ജുവിനു മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവരും. സമീപകാലത്ത് സഞ്ജു ഇന്ത്യക്കായി ട്വന്റി 20 കളിച്ചപ്പോഴെല്ലാം ഓപ്പണറായിരുന്നു. ഇടംകൈയന്‍ ബാറ്റര്‍ ആദ്യ നാലില്‍ വേണമെന്ന തീരുമാനത്തിലെത്തിയാല്‍ സ്വാഭാവികമായും മൂന്നാം നമ്പറില്‍ തിലക് വര്‍മയ്ക്കു അവസരം ലഭിക്കും. നാലാമനായി സൂര്യകുമാര്‍ യാദവും. അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തുമ്പോള്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നമാകുന്നു ! അങ്ങനെ വരുമ്പോള്‍ ആറാം നമ്പറില്‍ ജിതേഷ് ശര്‍മയ്ക്കാകും സാധ്യത. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതിനൊപ്പം ഫിനിഷര്‍ ആണെന്നതും ജിതേഷിനു ഗുണമാകും.
ശ്രേയസ് വീണ്ടും പുറത്ത് !
ശ്രേയസ് അയ്യരെ ടീമില്‍ എടുക്കാതിരുന്നതിലും ആരാധകര്‍ക്കു എതിര്‍പ്പുണ്ട്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിങ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ശ്രേയസ്. 17 കളികളില്‍ നിന്ന് 175.07 സ്ട്രൈക് റേറ്റില്‍ 604 റണ്‍സെടുത്ത ശ്രേയസ് റണ്‍വേട്ടയില്‍ ആറാമനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചതാണ്. എന്നാല്‍ ഇടംകൈയന്‍ ബാറ്റര്‍ ടീമില്‍ വേണമെന്ന മുടന്തന്‍ ന്യായമാണ് തിലക് വര്‍മയെ ഉള്‍പ്പെടുത്തി ശ്രേയസിനെ പുറത്തിരുത്താന്‍ കാരണം. മധ്യ ഓവറുകളില്‍ സ്പിന്നിനെ സമര്‍ത്ഥമായി കളിക്കാനുള്ള ശ്രേയസിന്റെ കഴിവിനെ സെലക്ടര്‍മാര്‍ കണ്ടഭാവം നടിച്ചില്ല.
എന്തിന് ബുംറ?
ജസ്പ്രിത് ബുംറയെ ടീമില്‍ എടുത്തതിലും വിമര്‍ശനമുണ്ട്. താരതമ്യേന ദുര്‍ബലരായ ടീമുകള്‍ മാത്രമാണ് ഏഷ്യാ കപ്പിലുള്ളത്. പാക്കിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് ചെറിയ തോതിലെങ്കിലും വെല്ലുവിളി ഉയര്‍ത്തുക. ബുംറയെ പോലൊരു എ ക്ലാസ് ബൗളര്‍ക്ക് ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിക്കാമായിരുന്നെന്നാണ് ആരാധകരുടെ പക്ഷം. ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്ന താരത്തെ സുപ്രധാന മത്സരങ്ങളില്‍ മാത്രമേ കളിപ്പിക്കാവൂ എന്നും ആരാധകര്‍ പറയുന്നു.