Football Sports

മെസിക്കെതിരെ അച്ചടക്ക നടപടിയ്ക്കും സാധ്യത; യൂറോപ്പിലേക്കുള്ള വാതിൽ തുറന്നു തന്നെ

2026 ഫിഫ ലോകകപ്പിനു ഇനി ഒരു വര്‍ഷം ശേഷിക്കെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ട് യൂറോപ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മെസി മയാമി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ് മെസിയുടെ സുഹൃത്തും ബാഴ്‌സലോണ മുന്‍ താരവുമായ സെസ്‌ക് ഫാബ്രിഗാസ്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെസി ഫാബ്രിഗാസിന്റെ വീട്ടില്‍ അതിഥിയായി എത്തിയിരുന്നു. ഇറ്റാലിയന്‍ ക്ലബായ കോമോയുടെ മാനേജര്‍ കൂടിയാണ് ഫാബ്രിഗാസ്. ഇതോടെ മയാമി വിട്ട് മെസി കോമോയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഫാബ്രിഗാസ് നല്‍കിയ മറുപടിയാണ് മെസിയുടെ കൂടുമാറ്റത്തിനുള്ള സാധ്യതകള്‍ ബലപ്പെടുത്തുന്നത്.

വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണ് തങ്ങള്‍ തമ്മില്‍ നടന്നതെന്ന് ഫാബ്രിഗാസ് പറയുന്നുണ്ടെങ്കിലും മെസി യൂറോപ്പിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിനു ‘പൂര്‍ണമായി ഇല്ലെന്ന് പറയാന്‍ കഴിയില്ല’ എന്നാണ് ഫാബ്രിഗാസിന്റെ മറുപടി. ‘അവധികാലത്ത് ലിയോ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ഏതാനും സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണ് അദ്ദേഹം. ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഞങ്ങളുടെ ഭാര്യമാരും കുട്ടികളും അങ്ങനെ തന്നെ. അദ്ദേഹം ഇപ്പോള്‍ യുഎസില്‍ ആണ്,’ ഫാബ്രിഗാസ് പറഞ്ഞു.

അതേസമയം 2025 ലെ എംഎല്‍എസ് (MLS) ഓള്‍-സ്റ്റാര്‍ ഗെയിമില്‍ നിന്ന് അവസാന നിമിഷം പിന്മാറിയതിന്റെ പേരില്‍ ലയണല്‍ മെസിക്കെതിരെ അച്ചടക്ക നടപടി നേരിട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മെസിക്കൊപ്പം മയാമി സഹതാരം ജോര്‍ഡി ആല്‍ബയും നടപടിക്കു വിധേയനായേക്കും. മത്സരത്തില്‍ നിന്ന് ഇരുവരും അവസാന സമയത്താണ് വിട്ടുനിന്നത്. കിക്കോഫിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഔദ്യോഗിക വിശദീകരണം നല്‍കാതെയാണ് ഇരുവരുടെയും പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എസ് നിയമങ്ങള്‍ പ്രകാരം പരുക്ക് പോലെയുള്ള കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഒരു മത്സരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിക്കും. മെസിക്കെതിരായ നടപടി വാര്‍ത്തകളില്‍ മയാമി മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് എംഎല്‍എസ് മത്സരത്തില്‍ നിന്ന് മെസി അവസാന സമയം വിട്ടുനിന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

മയാമി താരങ്ങള്‍ക്കെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ വിസമ്മതിച്ചു. ‘ അടുത്ത ആഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ഇന്ന് സംസാരിക്കാന്‍ താല്‍പര്യമില്ല,’ എന്നാണ് ഗാര്‍ബര്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു നല്‍കിയ മറുപടി.

Related Posts

Leave a Reply