ആരാകും വിജയിയെന്ന് മുൻകൂട്ടി പ്രവചിക്കാവുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. 1965 ൽ മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥി ജയിക്കുന്ന മണ്ഡലം. മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ തുടർച്ചയായി നാല് ടേമുകളിൽ മലമ്പുഴ എംഎൽഎയായിരുന്നു.
ഇത്തവണ മലമ്പുഴ മണ്ഡലം വലിയ ചർച്ചയാകാൻ കാരണം വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നതിനു ശേഷമാണ്. സിപിഎമ്മുമായി വിഘടിച്ചു നിൽക്കുന്ന സുരേഷ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന പുതുയുഗയാത്രയിൽ കോൺഗ്രസ് വേദിയിലെത്തി. കോൺഗ്രസ് സ്ഥാനാർഥിയായി സുരേഷ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതേസമയം വി എസിന്റെ മകൻ വി.എ.അരുൺ കുമാർ എൽഡിഎഫ് സ്ഥാനാർഥിയായാൽ തനിക്കു മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സുരേഷ് പറയുന്നത്.
മലമ്പുഴ ഇടതിനു അടിയുറച്ച മണ്ഡലമായതിനാൽ സിറ്റിങ് എംഎൽഎ എ പ്രഭാകരൻ തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. വി എ അരുൺ കുമാറിനെ മറ്റൊരു മണ്ഡലത്തിലാകും പരിഗണിക്കുകയെന്നാണ് വിവരം. 2001 മുതൽ 2016 വരെ തുടർച്ചയായി വി എസ് അച്യുതാനന്ദൻ ആയിരുന്നു എൽഡിഎഫ് എംഎൽഎ.
ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാർ തന്നെയാകും മലമ്പുഴയിൽ മത്സരിക്കുക. കഴിഞ്ഞ തവണ എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മലമ്പുഴ. കോൺഗ്രസ് സ്ഥാനാർഥിയായി എ.സുരേഷിനെ പരിഗണിക്കുന്നത് ബിജെപിക്കു സഹായമാകാനാണെന്ന ആക്ഷേപവും ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
2021 ൽ സിപിഎം സ്ഥാനാർഥി എ.പ്രഭാകരൻ 25,734 വോട്ടുകൾക്കാണ് ജയിച്ചത്. ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ 50,200 വോട്ടുകൾ നേടിയപ്പോൾ പ്രഭാകരൻ 75,934 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥി എസ് കെ അനന്തകൃഷ്ണൻ 35,444 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
2016 തിരഞ്ഞെടുപ്പ് ഫലം
സിപിഎം – വി എസ് അച്യുതാനന്ദൻ – 73,299 വോട്ടുകൾ
ബിജെപി – സി കൃഷ്ണകുമാർ – 46,157 വോട്ടുകൾ
കോൺഗ്രസ് – വി എസ് ജോയ് – 35,333 വോട്ടുകൾ
















