വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിനു കളമൊരുങ്ങി. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരനാണ് യുഡിഎഫിനായി മത്സരിക്കുക.
മുരളീധരന്റെ പഴയ തട്ടകമാണ് വട്ടിയൂര്‍ക്കാവ്. 2019 ല്‍ മുരളീധരന് വടകര ലോക്സഭാ മണ്ഡലത്തിലേക്ക് പോയതോടെയാണ് വട്ടിയൂര്‍ക്കാവ് യുഡിഎഫിനു നഷ്ടമായത്. ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തു. 2021 ല്‍ പ്രശാന്ത് ജയം ആവര്‍ത്തിച്ചു.
വികസന നായകനെന്ന പ്രശാന്തിന്റെ ജനകീയ പരിവേഷം മറികടക്കുക യുഡിഎഫിനു ബാലികേറാമലയാണ്. അതുകൊണ്ടാണ് മുന്‍ എംഎല്‍എയും മണ്ഡലത്തില്‍ സുപരിചിതനുമായ മുരളീധരനെ തന്നെ കളത്തിലിറക്കിയത്. 2011 ല്‍ കെ മുരളീധരന് 16,167 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2016 ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മുരളീധരന് ജയിച്ചുകയറിയത് 7,622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എന്നാല്‍ 2016 ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫ് 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്തിലൂടെ മണ്ഡലം പിടിച്ചടക്കി, ഭൂരിപക്ഷം 14,465 ! 2021 ലേക്ക് എത്തിയപ്പോള്‍ പ്രശാന്തിന്റെ ഭൂരിപക്ഷം 21,515 ആയി ഉയര്‍ന്നു.
ബിജെപിക്കായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിനു എതിര്‍പ്പുണ്ട്. കെ.സുരേന്ദ്രന് വട്ടിയൂര്‍ക്കാവില്‍ കണ്ണുണ്ടെങ്കിലും അന്തിമ തീരുമാനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാകും.
വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് ഫലം, 2021
വി.കെ.പ്രശാന്ത് (എല്‍ഡിഎഫ്) – 61,111 വോട്ടുകള്‍
വി.വി.രാജേഷ് (ബിജെപി) – 39,596 വോട്ടുകള്‍
വീണ എസ് നായര്‍ (യുഡിഎഫ്) – 35,655 വോട്ടുകള്‍
2019 ഉപതിരഞ്ഞെടുപ്പ്
വി.കെ.പ്രശാന്ത് (എല്‍ഡിഎഫ്) – 54,830 വോട്ടുകള്‍
കെ മോഹന്‍കുമാര്‍ (യുഡിഎഫ്) – 40,365 വോട്ടുകള്‍
എസ് സുരേഷ് (ബിജെപി) – 27,453 വോട്ടുകള്‍
















