ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. ബിജെപിക്ക് ആദ്യമായി ലോക്‌സഭാംഗത്തെ കിട്ടിയ മണ്ഡലത്തിന്റെ ഭാഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2026 ലേക്ക് എത്തുമ്പോള്‍ ഈ മണ്ഡലം ബിജെപി അത്ര അനുകൂലമാണോ?
ത്രികോണ പോരിനു സാധ്യതയുണ്ടെങ്കിലും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്ന് ഉറപ്പ്. എല്‍ഡിഎഫില്‍ സിപിഐയാണ് തൃശൂരിലെ പ്രതിനിധാനം ചെയ്യുന്നത്. 2021 ല്‍ പി.ബാലചന്ദ്രന്‍ 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിനായി തൃശൂര്‍ നിലനിര്‍ത്തിയത്.
ഇത്തവണ എല്‍ഡിഎഫിനായി തൃശൂരില്‍ ജനവിധി തേടുക മുന്‍ എംഎല്‍എ കൂടിയായ വി.എസ്.സുനില്‍ കുമാര്‍ ആണ്. 2016 ല്‍ 6,987 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുനില്‍ കുമാര്‍ തൃശൂരില്‍ ജയിച്ചത്. സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ ഇത്തവണയും എല്‍ഡിഎഫിനുണ്ട്.
ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണ് തൃശൂര്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാറ്റേണ്‍ അനുസരിച്ച് ക്രൈസ്തവ വോട്ടുകളില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയേക്കാം. എന്നാല്‍ വി.എസ്.സുനില്‍ കുമാറിന്റെ ജനകീയത ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും കൊണ്ടുവരും.
യുഡിഎഫിനെ സംബന്ധിച്ചിടുത്തോളം ഒരുകാലത്ത് തൃശൂര്‍ അവരുടെ ഉരുക്കുകോട്ടയായിരുന്നു. എന്നാല്‍ 2011 നു ശേഷം ഈ അപ്രമാദിത്തം യുഡിഎഫിനില്ല. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ജയിക്കുകയും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതിനാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാന പോരായി തൃശൂരിലെ കോണ്‍ഗ്രസുകാര്‍ കാണും. കെ.മുരളീധരന്‍, സന്ദീപ് വാര്യര്‍, രാജന്‍ ജെ പല്ലന്‍ എന്നിവരില്‍ ഒരാളായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
ബിജെപിക്കായി എം.ടി.രമേശ് തൃശൂരില്‍ മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ പത്മജ വേണുഗോപാലിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. 2016 ലും 2021 ലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പത്മജ തൃശൂരില്‍ തോറ്റു.
2016 നിയമസഭാ തിരഞ്ഞെടുപ്പ് (വോട്ട് കണക്ക്)
വി.എസ്.സുനില്‍ കുമാര്‍ (എല്‍ഡിഎഫ്) – 53,664 വോട്ടുകള്‍
പത്മജ വേണുഗോപാല്‍ (യുഡിഎഫ്) – 46,677 വോട്ടുകള്‍
ബി.ഗോപാലകൃഷ്ണന്‍ (എന്‍ഡിഎ) – 24,748 വോട്ടുകള്‍
2021 തിരഞ്ഞെടുപ്പ് ഫലം (വോട്ട് കണക്ക്)
പി.ബാലചന്ദ്രന്‍ (എല്‍ഡിഎഫ്) – 44,263 വോട്ടുകള്‍
പത്മജ വേണുഗോപാല്‍ (യുഡിഎഫ്) – 43,317 വോട്ടുകള്‍
സുരേഷ് ഗോപി (എന്‍ഡിഎ) – 40,457 വോട്ടുകള്‍
















