നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോര് ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണ് നേമം. 2021 ല്‍ ഇടതുപക്ഷത്തിനായി വി.ശിവന്‍കുട്ടി ജയിച്ച മണ്ഡലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച എല്‍ഡിഎഫിനു നേമത്ത് ശിവന്‍കുട്ടി അല്ലാതെ മറ്റൊരു ഓപ്ഷനുമില്ല.
നേരത്തെ ശിവന്‍കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങള്‍ എല്‍ഡിഎഫ് ക്യാംപില്‍ നിരാശ ഉയര്‍ത്തിയിരുന്നെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി നിയമസഭയില്‍ കളംനിറഞ്ഞതോടെ കാര്യങ്ങള്‍ തീരുമാനമായി. ശിവന്‍കുട്ടി നേമത്ത് അനൗദ്യോഗിക പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മികച്ച എംഎല്‍എ നിലയിലും മികച്ച മന്ത്രി എന്ന നിലയിലും നേമത്ത് വിജയം ആവര്‍ത്തിക്കാന്‍ ശിവന്‍കുട്ടിക്കു സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ബിജെപിക്കായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. രാജീവിനായുള്ള പ്രചരണം ബിജെപി ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് ആയിരുന്നു നേമത്തെ ബിജെപി സ്ഥാനാര്‍ഥി. രാജീവിനു കുമ്മനത്തേക്കാള്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് ക്യാംപിലായിരുന്നു നേമം ആശങ്ക നിലനിന്നിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരന് ഇത്തവണ നേമത്തേക്ക് ഇല്ലെന്ന് നിലപാടെടുത്തതോടെ മറ്റൊരു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ ആരംഭിച്ചു. അങ്ങനെ തിരുവനന്തപുരം എംപിയായ ശശി തരൂരിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ആദ്യം വിസമ്മതം അറിയിച്ചെങ്കിലും ശശി തരൂര്‍ പാര്‍ട്ടിക്കു വഴങ്ങി നേമത്ത് ജനവിധി തേടാനാണ് സാധ്യത. ശശി തരൂര്‍ അല്ലെങ്കില്‍ കെ.എസ്.ശബരിനാഥനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കണക്കുകള്‍ പരിശോധിച്ചാല്‍ നേമത്ത് വിജയസാധ്യതയുള്ളത് എല്‍ഡിഎഫിനും ബിജെപിക്കുമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി യുഡിഎഫ് സ്ഥാനാര്‍ഥിക്കു പോള്‍ ചെയ്താല്‍ എല്‍ഡിഎഫ് നേമത്ത് ജയിക്കും. അല്ലാത്തപക്ഷം ജയസാധ്യത ബിജെപിക്കാണ്. 2016 ലെയും 2021 ലെയും ഫലങ്ങള്‍ താരതമ്യം ചെയ്താല്‍ ഇക്കാര്യം മനസിലാകും.
2016 തിരഞ്ഞെടുപ്പ് ഫലം
ബിജെപി – 67,813
സിപിഎം – 59,142
ജെഡിയു (യുഡിഎഫ്) – 13,860
2021 തിരഞ്ഞെടുപ്പ് ഫലം
സിപിഎം – 55,837
ബിജെപി – 51,888
കോണ്‍ഗ്രസ് – 36,524
മറ്റത്തൂരില്‍ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ നേമത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. അതിനാല്‍ നേമത്തേക്ക് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കോണ്‍ഗ്രസ് ഇറക്കുകയും ത്രികോണ പോരിനു കളമൊരുങ്ങുകയും ചെയ്യും.
















