Opinion

ജെൻ സി തെരുവിൽ; നേപ്പാളിൽ സംഭവിക്കുന്നതെന്ത് ?

നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ 19 യുവാക്കളാണ് കൊല്ലപ്പെട്ടത്. 400 ഓളം പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്. പാർലമെൻ്റ് വരെ കയ്യേറാൻ നേപ്പാളിലെ യുവാക്കളെ പ്രേരിപ്പിച്ചതെന്താണ് ?

നേപ്പാൾ സർക്കാർ 26 ഓളം സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെ തുടർന്നാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അണി നിരന്ന ജെൻ സി പ്രക്ഷോഭം ആളിപ്പടർന്നത്. നേപ്പാളിലെ തെരുവുകളിൽ വെടി ഒച്ചകൾ മുഴങ്ങി തുടങ്ങി. മൊബൈലും ഇൻ്റർനെറ്റും വ്യാപകമായതോടെ ഏതു നേരവും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന അലസരായ തലമുറ എന്നു പഴി കേട്ടിരുന്ന ജൻസികളാണ് തെരുവിൽ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നത്.

ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമാണ് നേപ്പാളിൽ സ്കൂൾ – കോളേജ് യൂണിഫോമിൽ പതിനായിരങ്ങൾ അധികാരികളുടെ തോക്കിൻ മുനയിലേക്ക് പാഞ്ഞടുക്കുന്നത്. ഒരു രാജ്യത്തെ സൈന്യമാണ് അവിടുുത്തെ യുവതയെ നേരിടുന്നത്.

ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ 26 ഓളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് നേപ്പാൾ സർക്കാർ ബാൻ ചെയ്തിരിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഉപയോഗിക്കാൻ കഴിയാത്തതാണ്‌ പുതു തലമുറയെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ നിരോധനം നടത്തുന്നതിന് പിന്നിലെ ലക്ഷ്യം സർക്കാരിന്റെ അഴിമതിയും ദുർഭരണവും മറച്ചുവെയ്ക്കൽ ആണെന്ന് ആരോപിച്ചാണ് ചെറുപ്പക്കാർ തെരുവിലിറങ്ങിയത്.

നിലവിൽ നേപ്പാളിൽ രാഷ്ട്രീയ സ്ഥിരത കൈവന്നതോടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യം വളർന്നിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റികൾക്ക് ചില തടസ്സങ്ങളൊക്കെയുണ്ട്. 2023 ഓഗസ്റ്റിലാണ് നേപ്പാളിൽ പുതിയ സൈബർ സുരക്ഷ നയം രൂപീകരിക്കുന്നത്. അന്ന് തന്നേ നിരീക്ഷകർ ഇതിനെ വൻതോതിൽ വിമർശിച്ചിരുന്നു,

പുതിയ നയ വ്യവസ്ഥകൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഡേറ്റയിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം സാധ്യമാകും എന്നതായിരുന്നു വിമർശകർ ഉയർത്തിയ വാദം. 2015 ലെ ഭരണഘടന ഒരു സ്വതന്ത്ര ജുഡീഷ്യറിക്ക് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, നേപ്പാളിലെ നീതിന്യായ വ്യവസ്ഥ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്.

പ്രാദേശിക കോടതി വിധികളും, സുപ്രീം കോടതി തീരുമാനങ്ങളും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശകളും പല ഘട്ടങ്ങളിലും അവഗണിക്കുന്ന ചരിത്രമാണ് നേപ്പാളിൻ്റേത്. ഐക്യരാഷ്ട്രസഭയും സുപ്രീം കോടതിയും ആവശ്യപ്പെട്ട പല പരിഷ്കാരങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും
കുറ്റവാളികളെയൊന്നും ഇതുവരെ പ്രോസിക്യൂട്ട് ചെയ്തിട്ടില്ല.

2023 ജൂണിൽ, സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു, എന്നിരുന്നാലും, എൽജിബിടിക്യു ആളുകൾ ഇപ്പോഴും അധികാരികളിൽ നിന്നും മറ്റ് പൗരന്മാരിൽ നിന്നും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കടുത്ത പീഡനം നേരിടുന്ന അവസ്ഥയാണ്.

നേപ്പാളിലെ മിക്ക തൊഴിലാളികളും അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. മിക്ക സ്ത്രീകൾക്കും അവരുടെ ജോലിക്ക് വേതനം ലഭിക്കുന്നില്ല. ബാലവേല ഒരു പ്രശ്നമായി തുടരുന്നു. ഇഷ്ടികക്കളങ്ങളിലും മറ്റും നമുക്ക് 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇപ്പോഴും കണ്ടെത്താനാവും. നിർബന്ധിത ഭിക്ഷാടനം, ലൈംഗികത്തൊഴിൽ എന്നിവയിലും കുട്ടികളെ കണ്ടെത്താൻ കഴിയും.

ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കുകളിൽ ഒന്നാണ് നേപ്പാൾ. 2008-മെയ് 28-നാണ്‌ നേപ്പാൾ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. അതോടെ, 240 വർഷം പഴക്കമുള്ള രാജവംശവും രാജപ്രതാപവും ചരിത്രമായി മാറി. 1990 കളുടെ തുടക്കം മുതൽ നേപ്പാളി കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളും പരസ്പരം പ്രധാന എതിരാളികളാണ്.

ജനാധിപത്യം നിലനിൽക്കെ നേപ്പാളിൽ അഴിമതി വ്യാപകമാണ്. 2023 മെയ് മാസത്തിൽ, മുൻ ആഭ്യന്തര സെക്രട്ടറി ടെക് നാരായൺ പാണ്ഡെ, മുൻ ഊർജ്ജ മന്ത്രി തോപെ ബഹാദൂർ റായമാജി എന്നിവർക്കെതിരെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിരുന്നു. സർക്കാർ പൊതുവെ അവ്യക്തമായാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം പൊതുജനങ്ങൾക്കിടയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടം ഒരു ജൻസി പ്രക്ഷോഭത്തിന് വഴി തെളിയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 4-നാണ് കെ.പി ഒലി സർക്കാർ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്‌സ്ആപ്പ്, റെഡ്ഡിറ്റ്, എക്‌സ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ് ഫോമുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ഈ കമ്പനികൾ നേപ്പാളിൽ ഓഫീസുകൾ സ്ഥാപിച്ച് സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്താലേ നിരോധനം നീക്കൂവെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, ഈ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് നേപ്പാളിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും അവയുടെ ദുരുപയോഗം തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്‌തെങ്കിലേ രാജ്യത്ത് തുടർന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടാകൂവെന്നും സർക്കാർ വിശദീകരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെൻ്റർ) നേതാവും പ്രതിപക്ഷ നേതാവുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ജെൻസി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് നേപ്പാളിലെ മാത്രം പ്രശ്നമായി കാണാനാവില്ല. കുറേയേറെ രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ബാൻഡ് ആണ്. ചൈനയിലും റഷ്യയിലും സോഷ്യൽ മീഡിയ ബാൻ ചെയ്തിരിക്കുകയാണ്. ചൈനയിൽ പാശ്ചാത്യ സോഷ്യൽ മീഡിയകൾ ഒന്നും തന്നെയില്ല. അവിടെ ഗവണ്മെന്റ് നിയന്ത്രിക്കുന്ന ചില സോഷ്യൽ മീഡിയകളാണ് നിലവിലുള്ളത്. അതു തന്നെയാണ് റഷ്യയിലെ അവസ്ഥയും. ഇരുപതോളം രാജ്യങ്ങളിൽ സോഷ്യൽ മീഡിയ നിരോധനം നിലനിൽക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇത്രത്തോളം സജീവമാകുന്നത് 2009 -2010 കാലഘട്ടത്തിലാണ്. ആ കാലഘട്ടത്തിൽ സർക്കാരുകൾ ഇതേപ്പറ്റിയൊന്നും ഇത്രത്തോളം ആഴത്തിൽ ചിന്തിച്ചിരുന്നില്ല. 2011 -ൽ മുല്ലപ്പൂ വിപ്ലവം നടന്നതിനോടനുബന്ധിച്ചാണ് ഭരണതലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചർച്ചയാകുന്നത്.

ടുണീഷ്യയിൽ ആണ് മുല്ലപ്പൂ വിപ്ലവത്തിൻ്റെ തുടക്കം. ടുണീഷ്യയിൽ നിന്നും ഈജിപ്തിൽ, ഈജിപ്തിൽ നിന്നും ലിബിയയിൽ, ലിബിയയിൽ നിന്നും ബഹറിനിൽ, പിന്നെ ഇറാനിൽ, യെമനിൽ അതങ്ങനെ പടർന്നു പന്തലിച്ചു. ഇതിന്റെ മുഴുവൻ ആഹ്വാനങ്ങളും കോർഡിനേഷനും നടന്നത് സോഷ്യൽ മീഡിയ വഴിയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം പൊതുവെ സ്വേച്ഛാധിപത്യ രീതികളുള്ള രാജ്യങ്ങളിൽ സോഷ്യൽ മീഡിയ പേടിസ്വപ്നമായി തുടങ്ങി.

ജനങ്ങൾ സോഷ്യൽ മീഡിയ വഴി സമരങ്ങൾ ആഹ്വാനം ചെയ്യുന്നു. പ്രക്ഷോഭങ്ങൾ നടക്കുന്നു. ഈജിപ്തിലെ തഹ്‌രീർ സ്ക്വയർ ഇതിനൊരു ഉദാഹരണമാണ്. .അവിടെയാണ് വിപ്ലവം ആരംഭിക്കുന്നത്. ആളുകൾ ആ ചത്വരത്തിലേക്ക് കൂട്ടമായി എത്തിച്ചേരുകയും ചർച്ചകൾ നടക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിനുള്ള ആഹ്വാനങ്ങൾ നടക്കുന്നത്.

അമേരിക്കയിൽ ടിക് ടോക് നിയന്ത്രിച്ച രീതി നോക്കുക. അവർക്കു ചൈനയെ ഭയമാണ്. ഡേറ്റ ചോർത്തുമോ എന്ന ഭയം. അതുകൊണ്ട് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ഭയം. ഇപ്പോൾ നേപ്പാളിലെ കാര്യമെടുത്താലും, ജനാധിപത്യം എന്നൊക്കെ പറയുമെങ്കിലും ഒരു തരം സ്വേച്ഛാധിപത്യ മനോഭാവമുള്ള രാജ്യമാണത്.

ഏഷ്യയിൽ ഇത്തരം സ്വേച്ഛാധിപത്യ മനോഭാവമുള്ള രാജ്യങ്ങളിൽ പൊതുവെ ഭരണകൂടത്തിന് സോഷ്യൽ മീഡിയയെ ഭയമാണ്. ജനങ്ങൾ അവർക്കെതിരെ ഒന്നിക്കുമോ സമരം ചെയ്യുമോ എന്നൊക്കെയുള്ള പേടികൾ. അതേസമയം അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഡേറ്റ ചോർത്തൽ ഭയമാണ് അവരെ നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ചും ചൈനീസ് ആപ്പുകളുടെ കാര്യത്തിൽ.

എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഇലക്ഷൻ സമയത്തു സോഷ്യൽ മീഡിയ വഴി വിവിധ തരത്തിലുള്ള മാനിപുലേഷൻ കൂടുതൽ നടക്കാൻ സാധ്യതയുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ ജയിപ്പിക്കാൻ വേണ്ടി റഷ്യൻ സ്പൈകൾ മില്യൺ കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക് ചെയ്തു എന്നും അതുവഴി ട്രംപിന് വിജയ സാധ്യത ഒരുക്കി എന്നുമൊരു ആരോപണം നിലവിലുണ്ട്.

അത്തരത്തിൽ ജനാധിപത്യ രീതികൾക്കും സോഷ്യൽ മീഡിയ വെല്ലുവിളി ഉയർത്തുന്നുണ്ട്‌. ഒരേ സമയം ജനാധിപത്യ രീതികൾക്കും സ്വേച്ഛാധിപത്യ അനുഭാവികൾക്കും സോഷ്യൽ മീഡിയ കനത്ത പ്രഹരം ഏൽപ്പിക്കുന്നു എന്നുവേണം പറയാൻ. കഴിഞ്ഞ ഇലക്ഷനിൽ എക്സ് പ്ലാറ്റ് ഫോം എലോൺ മസ്ക്, ട്രംപിന് വേണ്ടി ഉപയോഗിച്ച രീതി ഏറെ വിമർശനം ഉയർത്തിയിരുന്നു.

2020 ൽ സിംഗപ്പൂര് ഇലക്ഷൻ നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ആഹ്വാനം ഉണ്ടായി. അതായതു മുസ്ലിം വോട്ടർമാർ എല്ലാം മുസ്ലിം സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണം എന്ന്. സിംഗപ്പൂർ മതപരമായി തീരെ ചിന്തിക്കാത്ത രാജ്യമാണ്. ഏറെ പുരോഗമനം ഉള്ള ഒരു രാജ്യം. അത്തരമൊരു ആഹ്വാനം ആ രാജ്യത്തെ വലിയ പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിച്ചു. സിംഗപ്പൂരിൽ ഹിന്ദുക്കളും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. മതപമായ ആഹ്വാനത്തോടെ ആ സൊസൈറ്റിയിൽ പെട്ടന്നൊരു വിവേചനം ഉണ്ടായി.

രാഷ്ട്രീയവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് സോഷ്യൽ മീഡിയ. പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തെ ഭയക്കുന്ന സർക്കാരുകൾ സോഷ്യൽ മീഡിയേയും ഭയക്കുന്നു. ഓട്ടോമേറ്റഡ് അൽഗോരിതം ഉള്ള സർക്കാർ നിയന്ത്രിത സോഷ്യൽ മീഡിയകൾ ആണ് അത്തരം രാജ്യങ്ങളിലുള്ളത്. സർക്കാരിനെതിരെ എന്തെങ്കിലും എഴുതിയാൽ ഓട്ടോമാറ്റിക് ആയി അത് ഡിലീറ്റ് ആയി പോകും. കൊള്ളാം നല്ല പരിപാടിയാണ്. പൊതുജനം എന്ന കഴുതയെ പിന്നെ പേടിക്കേണ്ടതില്ലല്ലോ.

എല്ലാ സോഷ്യൽ മീഡിയയുടെയും ആസ്ഥാനം അമേരിക്ക ആണല്ലോ. ഫേസ്ബുക്, ഇൻസ്റ്റാ, എക്സ് എല്ലാം അമേരിക്കയുടേതാണ്, അമേരിക്കയുടെ സെക്യൂരിറ്റി ഏജൻസി ഇതിനെയെല്ലാം നിയന്ത്രിക്കുകയും അമേരിക്കയുടെ അജണ്ടകൾ നടപ്പിലാക്കാൻ ഇത്തരം സോഷ്യൽ മീഡിയ ഹാൻഡിലുകൾ ദുരുപയോഗം ചെയ്യുന്നു എന്നെല്ലാം വെനിസ്വേല പോലുള്ള രാജ്യങ്ങൾ ആരോപണം ഉയർത്തിയിട്ടുണ്ട്. ഒരുപരിധി വരെ അതുശരിയാവാം എന്നതിന്റെ തെളിവുകൾ നമുക്ക് ചുറ്റുമുണ്ട് താനും .

സർക്കാർ തലത്തിൽ നോക്കുകയാണെങ്കിൽ ഇത് ദുരുപയോഗം ചെയ്യാൻ വളരെ സാധ്യതയുണ്ട്. സൈബർ അറ്റാക്കിനു വളരെ എളുപ്പമാണ്. ജനാതിപത്യം, ഫ്രീഡം ഓഫ് എക്സ്പ്രെഷൻ എന്നൊക്കെ പറയുമെങ്കിലും അതുപയോഗിച്ചു വരെ സിമ്പിളായി ഓരാളെ പറ്റിക്കാൻ എളുപ്പം ആണ്. ക്രൈമിന്റെ പെർഫെക്റ്റ് പ്ലാറ്റഫോം ആണ് സോഷ്യൽ മീഡിയ. ലോ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് സോഷ്യൽ മീഡിയ ഒരു തലവേദനയാണ്. ഇതാണ് ശ്രദ്ധിക്കേണ്ട മറുവശം.

പല അന്വേഷണങ്ങളോടും സോഷ്യൽ മീഡിയ കമ്പനികൾ സഹകരിക്കില്ല. ഉദാഹരണത്തിന് കംബോഡിയ പോലുള്ള രാജ്യങ്ങൾ ഇന്റർപോൾ പോലുള്ള നിയമ സംവിധാനങ്ങളോട് യാതൊരു വിധത്തിലും സഹകരിക്കില്ല. സോഷ്യൽ മീഡിയക്ക് ഒരോ രാജ്യത്തും ഓരോ പോളിസി ആണ്. ഇന്ത്യയിലെ നിയമമല്ല അവർക്കു അമേരിക്കയിൽ.

സ്വേച്ഛാധിപത്യ ഭരണാധികാരികൾ ഭരണകൂട ഭീകരത പുറത്തറിയുമോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയെ ഭയപ്പെടുമ്പോൾ ജനാധിപത്യ സംവിധാനത്തിൽ സോഷ്യൽ മീഡിയ വിഭാഗിയത ഉണ്ടാക്കുമോ എന്നുള്ള ഭയമാണ് നിലനിൽക്കുന്നത്. എന്തു തന്നെയായാലും ജെൻ സി തിരി കൊളുത്തിയിരിക്കുന്നത് മറ്റൊരു മുല്ലപ്പൂ വിപ്ലവത്തിനാണ്. ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഒരേ സമയം സ്വേച്ഛാധിപത്യത്തിനും ജനാധിപത്യത്തിനുമുള്ള മുന്നറിയിപ്പ്. നിങ്ങൾ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ജനങ്ങൾ പ്രതികരിച്ചു കൊണ്ടേയിരിക്കും.

Related Posts