Homepage Featured World

തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ മറ്റൊരു യുദ്ധം; യുഎസ്സുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയാൽ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ഉന്നതതല നേതൃയോഗം ചേർന്നാണ് താലിബാൻ നേതാക്കൾ വിഷയത്തിൽ പ്രതിജ്ഞയെടുത്തത്. യുഎസ്സിന്റെ ശ്രമങ്ങളിൽ പാകിസ്താൻ സഹകരണം ഉണ്ടായാൽ താലിബാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.

അമേരിക്കൻ സേന വീണ്ടും ബഗ്രാം വ്യോമതാവളം സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ സൂചന നൽകിയിരുന്നു. ട്രംപിന്റെ ഈ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് താലിബാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താലിബാൻ വഴങ്ങാതിരുന്നാൽ “മോശം കാര്യങ്ങൾ സംഭവിക്കുമെന്ന്” ട്രംപ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.

ട്രംപിന്റെ പ്രസ്താവനകളും യുഎസ് സൈനിക ഇടപെടലുകളുടെ സാധ്യതകളും വിലയിരുത്തുന്നതിനായി താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ രഹസ്യയോഗം വിളിച്ചുചേർത്തതായി സംഘടനയിലെ മുതിർന്ന വൃത്തങ്ങൾ സിഎൻഎൻ ന്യൂസ്18 നെ അറിയിച്ചു. കാബിനറ്റ് അംഗങ്ങൾ, രഹസ്യാന്വേഷണ വിഭാഗം മേധാവികൾ, സൈനിക കമാൻഡർമാർ, ഉലമ കൗൺസിൽ അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.ബഗ്രാം വ്യോമതാവളം അമേരിക്കൻ സൈന്യത്തിന് കൈമാറാനുള്ള സാധ്യതകൾ മുഴുവനും നേതൃനിര ഏകകണ്ഠമായി തള്ളിക്കളഞ്ഞു. “ആക്രമണം നേരിടേണ്ടി വന്നാൽ സമഗ്രമായ യുദ്ധത്തിന് തയ്യാറാകുമെന്നും” താലിബാൻ വ്യക്തമാക്കി.

യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു പാകിസ്താനെതിരായ കടുത്ത മുന്നറിയിപ്പ്. സാധനസാമഗ്രികൾ, നയതന്ത്ര സഹായം, സൈനിക പിന്തുണ എന്നിവയിൽ ഏതെങ്കിലും രീതിയിൽ അമേരിക്കയെ സഹായിച്ചാൽ, പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ നേതൃത്വം വ്യക്തമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.

Related Posts