കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നായ ഫോർട്ട് കൊച്ചി തുരുത്തിയിൽ ഫ്ലാറ്റിൽ അവകാശവാദവുമായി ബിജെപി. തുരുത്തി കോളനിയിലെ ഏകദേശം 400 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കേന്ദ്ര സർക്കാരാണ് വീടിനായുള്ള ഫണ്ട് അനുവദിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
‘ആകെ ചെലവിന്റെ 50 ശതമാനവും കേന്ദ്ര സർക്കാർ അനുവദിച്ചപ്പോൾ 30 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം. 20 ശതമാനം കൊച്ചി കോർപ്പറേഷനും ചെലവാക്കി. യാഥാർത്ഥ്യം ഇതായിരിക്കെ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാരും കോർപ്പറേഷനും’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ പദ്ധതികൾ പലപ്പോഴും കേരളത്തിലുള്ളവർക്ക് നിഷേധിക്കുകയും പേര് മാറ്റി നടപ്പാക്കുകയുെ ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ ശ്രമിക്കുകയാണെന്നും ജനങ്ങൾ ഇത് മനസ്സിലാക്കി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തുരുത്തി പുനരധിവാസ പദ്ധതിക്ക് തുടക്കമിട്ടത് കോൺഗ്രസ്സാണ് എന്ന വാദം നേരത്തെ തന്നെ ഉയർത്തിരുന്നു. പദ്ധതിക്ക് തുടക്കമിട്ടത് മുതൽ എല്ലാ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയത് യുഡിഎഫ് ഭരണസമിതി ആണെന്നും പൂർണമായ പിതൃത്വം ഏറ്റെടുക്കാനാണ് സർക്കാരും കൊച്ചി കോർപ്പറേഷനും ശ്രമിക്കുന്നത് എന്നായിരുന്നു വാദം.
















