തിരുവനന്തപുരം: 2025 തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. നാളെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചത്. സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വിൽപന കുറഞ്ഞതും അടുത്തിടെ ജിഎസ്ടിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പടെയുള്ള സാഹചര്യങ്ങൾ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പിന്റെ തിയതി മാറ്റാനുള്ള നടപടി സ്വീകരിച്ചത് എന്ന് ലോട്ടറി വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ഏറ്റവുമധികം ലോട്ടറികൾ വിറ്റഴിഞ്ഞത് പാലക്കാടാണ്. 14,07,100 ലോട്ടറികളാണ് വിറ്റത്. തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും എന്നിങ്ങനെയാണ് സമ്മാന തുകകൾ. അത് കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കുന്നതാണ്
















