Homepage Featured Kerala News

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം രതീഷിനെതിരെ വകുപ്പ് തല നടപടി. രതീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ദക്ഷിണ മേഖല ഐജി ഉത്തരവിറക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല.

കുന്നംകുളം സംഭവത്തിന് ശേഷം പുറത്തുവന്ന മറ്റൊരു സുപ്രധാന വീഡിയോ ദൃശ്യത്തിലാണ് പീച്ചി എസ്എച്ച്ഒ ആയിരിക്കുന്ന സമയത്ത് രതീഷ് നടത്തിയ മർദനം വലിയ ചർച്ചയാകുന്നത്. 2023 ൽ നടന്ന സംഭവത്തിൽ രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. 

എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു. രതീഷിന്റെ വിശദീകരണം ലഭിച്ചാൽ ഉടൻ തുടർനടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കും. താൻ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചിട്ടില്ല എന്നാണ് രതീഷ് നേരത്തെ അഡിഷണൽ എസ് പിക്ക്  ന്ൽകിയ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദവും പൊളിഞ്ഞു. 

കേസ് ഒത്തുതീർപ്പാക്കാൻ ആദ്യഘട്ടത്തിലെ പരാതിക്കാരെ ഉപയോഗിച്ച് പണം വാങ്ങിയെന്നും ഹോട്ടലുടമ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പോലീസുകാർക്കായി പണം വാങ്ങിയ സിസിടിവി ദൃശ്യങ്ങളും ഹോട്ടലുടമ കെപി ഔസേപ്പ് പുറത്തുവിട്ടിരുന്നു. 2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മര്‍ദിച്ചത്. കാരണം അന്വേഷിക്കാനെത്തിയ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പിനും മകനു നേരെയും ഭീഷണി ഉയർത്തുകയും ചെയ്തു. 

Related Posts