Kerala Lead News News

ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ല; കസ്റ്റഡി മർദ്ദനത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ

സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ. ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനമാണ് എംഎൽഎമാർ ഉയർത്തുന്നത്.  പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം ജോൺ എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. പണ്ട് കരുണാകരന്റെ കാലത്ത്  പൊലീസ് മർദ്ദനത്തെ കുറിച്ച്  വാതോരാടെ സംസാരിച്ച ആളുടെ പൊലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി. 

ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോൺ എംഎൽഎ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിൽ റോജി സംസാരിച്ചത്. 

സംസ്ഥാനത്ത് വർധിച്ചുവരുന്ന പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.

കുന്നംകുളത്തെ സുജിത്തിന്റെ മർദ്ദനം തന്നെയായിരുന്നു പ്രധാനമായും പ്രതിപക്ഷം ഉന്നയിപ്പിക്കുന്നത്. സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പൊലീസ് മർദിച്ചതെന്നും റോജി എം ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് ഉന്നതർ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കിൽ പുറം ലോകം അറിയുമായിരുന്നോ. 

സസ്പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത്. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. ആദ്യം എടുത്തത് സ്ഥലം മാറ്റം മാത്രമായിരുന്നു. പൊലീസ് ക്ലബിലെ പഞ്ചിങ് ബാഗിൽ ഇടിക്കും പോലെ സുജിത്തിനെ ഇടിച്ചു. മർദിച്ചവരെ സേനയിൽ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാൻ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസം​ഗം.

സിസിടിവിക്ക് മുന്നിൽ പൊലീസ് കാശ് എണ്ണി വാങ്ങുകയാണ്. കമ്മീഷൻ 60% ആക്കി കൂട്ടിയിരിക്കുകയാണ് സേന. കാശ് വാങ്ങിയ എസ്ഐക്ക് പ്രൊമോഷൻ നൽകി. കുണ്ടറയിൽ സൈനികനെ തല്ലി ചതച്ചു. ഒന്നും മറക്കാനില്ലെങ്കിൽ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെ‌‌ന്ന് ബന്ധുക്കൾ തന്നെ പറയുന്നു. 

സിപിഎം ലോക്കൽ സെക്രട്ടറിക്ക് വരെ പൊലീസിൽ നിന്ന് രക്ഷ ഇല്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ കള്ളി ആക്കാൻ ശ്രമിച്ചു. കുടി വെള്ളം പോലും ബിന്ദു വിനു കൊടുത്തില്ല. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണ്. കുന്നം കുളം കേസിൽ മാത്രം സസ് പെൻഷൻ. ബാക്കി ഒന്നിലും നടപടി ഇല്ല. എല്ലാം പഴയ കേസ് എന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്നും റോജി എം ജോൺ സഭയിൽ അവതരിപ്പിച്ച് അടിയന്തര പ്രമേയത്തിൽ പറയുന്നു. സംസ്ഥാനത്തെ ആഭ്യന്ത്ര വകുപ്പിൽ ആഭ്യന്തര മന്ത്രിക്ക് കടിഞ്ഞാൺ നഷ്ടപ്പെട്ടുവെന്നും ഇങ്ങനെ പോയാൽ ആഭ്യന്തര വകുപ്പ് കൂടുതൽ കൈകാര്യം ചെയ്തതിന്റെ ക്രഡിറ്റ് പി ശശിയ്ക്ക് നൽകേണ്ടി വരുമെന്നും റോജി എം ജോർജ് പറഞ്ഞു.

പൊലീസ് ആസ്ഥനാത്ത് ജനമൈത്രിയില്ലെന്നും എൻ ഷംസുദീൻ എംഎൽഎ പറഞ്ഞു. പൊലീസിൽ ഇഎൻടി സ്പെഷ്യലിസ്റ്റുകളാണുള്ളതെന്നും നല്ല ചെവി കണ്ടാൽ അപ്പോൾ അടിച്ചു തകർക്കുമെന്നും പരിഹാസം. കെ.കെ രമ, മാത്യൂ കുഴൽനാടൻ തുടങ്ങിയ അംഗങ്ങളും അതിരൂക്ഷമായ ഭാഷയിലാണ് ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചത്. 

കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം പഴയ സംഭവമാണെന്നും നേരത്തെ തന്നെ അച്ചടക്ക നടപടി എടുത്തുവെന്നും ഭരണപക്ഷ എംഎൽഎ സേവ്യർ ചിറ്റിലപള്ളി പ്രതികരിച്ചു. ഇത് എന്തിനാണ് സഭ നിർത്തി ചർച്ച ചെയ്യുന്നത്. വിഷയം കൊണ്ട് വന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. പൊലീസ് ആകെ കുഴപ്പമെന്ന് വരുത്താനുള്ള ശ്രമമാണെന്നും സേവ്യർ ചിറ്റിലപള്ളി പറഞ്ഞു. ഒരു അടിയന്തര പ്രാധാന്യവും ഇല്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമുള്ള വിഷയമാണ്. യുഡിഎഫിന് വിഷയ ദാരിദ്ര്യം. 

പൊലീസ് അതിക്രമം എൽഡിഎഫ് ഒരു ഘട്ടത്തിലും ന്യായീകരിക്കുന്നില്ല. പൊലീസാകെ കുഴപ്പം എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. കുറ്റം ചെയ്ത ആരേയും സംരക്ഷിക്കില്ല. അതിക്രമം കാണിക്കുന്നത് യുഡിഎഫ് നയങ്ങളിൽ ആകൃഷ്ടരായ പൊലീസുകാരാണ്. അത്തരക്കാരെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടര വർഷം പ്രതിപക്ഷം എവിടെ ആയിരുന്നു. കാരക്കൂട്ടിൽ ദാസന്റെ കഥ പോലെ ആണ് ഇപ്പോ നടക്കുന്നതെന്നും സേവ്യർ ചിറ്റിലപള്ളി പറഞ്ഞു.

Related Posts