Homepage Featured Kerala News

ന്യൂനപക്ഷ സം​ഗമം: സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത

കോഴിക്കോട്: ന്യൂനപക്ഷ സം​ഗമത്തിൽ സർക്കാരിന്റെ ഉദ്ദേശശു​ദ്ധിയെ ചോദ്യം ചെയ്ത് സമസ്ത നേതാക്കാൾ. കേരളത്തിൽ വർഗീയധ്രുവീകരണം ലക്ഷ്യം വെക്കുന്നവർക്ക് അവസരം നൽകുന്നതാണ് സമുദായങ്ങൾ വേർതിരിച്ച് മടത്തുന്ന ഇത്തരം സംഗമങ്ങൾ എന്ന വിമർശനവുമായാണ് നേതാക്കൾ രം​ഗത്തെത്തിയത്. ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ വോറിട്ട് നിർത്തുന്നത് എന്തിനാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ന്യൂനപക്ഷവും ഭൂരിപക്ഷവും പിന്നാക്കവും മുന്നാക്കവുമായി നിൽക്കുന്ന ആളുകൾ ഉൾപ്പടെ വോട്ടവകാശമുള്ള എല്ലാ മലയാളികളും ചേർന്നാണ് സർക്കാരിന് വോട്ടുചെയ്തതെന്നും സമുദായങ്ങളെ തരംതിരിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ ആർക്കാണ് ഗുണംമുണ്ടാകുന്നത് എന്നും സത്താർ പന്തല്ലൂർ ചോദിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും പോലീസ് മർദനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണോ സംഗമങ്ങൾ എന്നും എസ്‌വൈഎസ് സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. മുസ്‌ലിം സംഘടനകളാരും തന്നെ ഇങ്ങനെയൊരു സംഗമം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ന്യൂനപക്ഷ സംഗമത്തെ തെറ്റായ രീതിയിൽ കാണേണ്ടതില്ല. സർക്കാരിന് ചിലപ്പോൾ നല്ല ഉദ്ദേശമാവാമെന്നും എല്ലാത്തിനെയും സംശയത്തോടെ കാണേണ്ടതില്ലെന്നും സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം പറഞ്ഞു.

മുസ്‌ലിംലീഗ് അനുകൂലിയാണ് അബ്ദുസമദ് പൂക്കോട്ടൂർ എങ്കിലും സമസ്തയിൽ പൊതുവെ സിപിഎം അനുകൂലപക്ഷമായും മുസ്‌ലിംലീഗിന്റെ വിമർശകനുമായി സത്താർ പന്തല്ലൂരിനെ വിലയിരുത്തപ്പെടുന്നുണ്ട്. കെഎൻഎം ഉൾപ്പെടെയുള്ള ചില സംഘടനകൾ ന്യൂനപക്ഷ സംഗമത്തിൽ വ്യക്തത വരട്ടെയെന്ന നിലപാടിലാണ്. എന്നാൽ, 10 വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ട് മുസ്‌ലിം സമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങൾ പരിഹരിച്ചാവണം സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കേണ്ടത് കെഎൻഎം മർകസുദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അനർഹമായി പലതും മുസ്‌ലിം സമുദായം നേടിയെടുത്തതായി ആക്ഷേപം ഉയർന്നപ്പോൾ ആക്ഷേപകർക്ക് ആഅനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുസ്‌ലിങ്ങൾക്കെതിരേ നിരന്തരമായി വർഗീയാധിക്ഷേപം നടത്തിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിങ്ങൾക്കെതിരേ കള്ളക്കേസുകൾ ചുമത്തുകയും ചെയ്യുന്നതിലൂടെ സംസ്ഥാനസർക്കാർ കടുത്ത വിവേചനമാണ് കാണിച്ചിട്ടുള്ളതെന്നും മർകസുദഅവ ആരോപിച്ചു.

Related Posts