തിരുവനന്തപുരം: വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട എന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സുധാംശു ദില്ലിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെയാണ് വൈസ് ചാൻസലർ നിയമനത്തിവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ചിരുന്നത്. സേർച്ച് കമ്മറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറാനാണ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രി നിർദേശിക്കുന്ന പ്രകാരം ചാൻസലർ നിയമനം നടത്താനുമാണ് കോടതി നിർദേശിച്ചത്. കേരളത്തിന്റെ രണ്ടു പ്രതിനിധികളും ചാൻസലറുടെ രണ്ടു പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണ് വി സി പട്ടിക തയ്യാറാക്കുക.
വിസി നിയമന പ്രക്രിയയിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും, സേർച്ച് കമ്മിറ്റി തയ്യാറാക്കുന്ന വി സി നിയമന പട്ടിക തനിക്കാണ് നൽകേണ്ടതെന്നും ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്. ബംഗാളിൽ സ്വീകരിച്ച അതെ നിലപാട് തന്നെയാണ് രണ്ട് സർവകലാശാലകളുടെ സേർച്ച് കമ്മിറ്റി രൂപീകരണത്തിൽ സുപ്രീം കോടതി നടത്തിയതെന്നും, എന്നാൽ ബംഗാളിലെയും കേരളത്തിലെയും സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. അറ്റോർണി ജനറലിൽ നിന്നും നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഇങ്ങനൊരു നീക്കം.
സുപ്രിം കോടതി നിയോഗിച്ചിരിക്കുന്ന സേർച്ച് കമ്മിറ്റി യുജിസി ചട്ടലംഘനമാണെന്നും, ഇപ്പോഴുള്ള സേർച്ച് കമ്മറ്റിയിൽ ഒരു യുജിസി പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന് സേർച്ച് കമ്മിറ്റിയിൽ മേൽകെ ലഭിക്കാതിരിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. യുജിസി പ്രതിനിധിയെക്കൂടി കമ്മറ്റിയിൽ ഉൾപ്പടുത്തിയാൽ കേന്ദ്രത്തിനും മേൽകൈ ലഭിച്ചേക്കാം.