Homepage Featured Kerala News

പൊതു-രാഷ്ട്രീയ രംഗത്തു നിന്ന് മാറി നിൽക്കണം; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഷാനിമോളും രമയും

തിരുവനന്തപുരം: ലൈം​ഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാ‍ജി വെക്കണമെന്ന ആവശ്യപ്പെട്ട് വനിതാ നേതാക്കൾ തന്നെ രംഗത്ത്. ഷാനിമോൾ ഉസ്മാൻ, കെ.കെ രമ അടക്കമുള്ള നേതാക്കളാണ് രാഹുലിന്റെ രാജിയാവശ്യപ്പെട്ട് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ പൊതു-രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിൽക്കുന്നത് തന്നെയാണ് വേണ്ടതെന്ന് ഷാനിമോൾ ഉസ്മാനും വ്യക്തമാക്കി. 

“അത്തരക്കാർ തൽസ്ഥാനങ്ങളിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം. ഇപ്പോൾ നിയമസഭയിലുള്ള പല എംഎൽഎമാരുമായ ബന്ധപ്പെട്ട സമാന വിഷയങ്ങളിലും ഇതേ നിലപാടാണെടുത്തിട്ടുള്ളത്. ആ നിലപാടിൽ ഒരു മാറ്റവുമില്ല. ഒരുപാട് ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിലെല്ലാം വിശദമായ അന്വേഷണം നടത്തുകയും കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കുകയും വേണം. അധികെ വൈകാതെ തന്നെ കോൺഗ്രസ് ആ നിലപാട് കൈക്കൊള്ളട്ടെയെന്ന് ആഗ്രഹിക്കുന്നു” കെ.കെ രമ പറഞ്ഞു.

“എംഎൽഎ സ്ഥാനത്ത് നിന്നടക്കം രാഹുൽ മാറി നിൽക്കുന്നതാണ് ഉചിതമെന്ന് ഞാൻ ആവർത്തിച്ച് പറയുകയാണ്. ഒട്ടേറെ പരാതികളും ആരോപണങ്ങളും തുടരെ തുടരെ വരുമ്പൾ സ്വയം മാറി നിൽക്കാൻ അറച്ചുനിൽക്കേണ്ട കാര്യമില്ല. അദ്ദേഹം പൊതു രംഗത്ത് നിന്ന് മാറിനിൽക്കണം. പാർട്ടി പ്രവർത്തകരെ പ്രതിരോധത്തിലാക്കാതിരിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് പറഞ്ഞ രാഹുൽ എംഎൽഎ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”  ഷാനിമോൾ ഉസ്മാനും വ്യക്തമാക്കി. 

ഇതോടെ കോൺഗ്രസിനുള്ളിൽ നിന്നും മുന്നണിയിൽ നിന്നും രാഹുലിന്റെ രാജിയാവശ്യം ശക്തമാകുകയാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം രാഹുലിനെ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

രാഹുലിനെതിരെ നടപടി ഏറ്റവും ആദ്യം ഉന്നയിച്ച മുതിർന്ന നേതാക്കളിൽ ഒരാളായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് കൂടുതൽ കടുപ്പിക്കുകയാണ്. രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തലയും നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോൺഗ്രസിനാകെ അവമതിപ്പുണ്ടാകുന്നതാണ് രാഹുലിനെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ. വിഷയത്തിൽ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ അത് പാർട്ടിയെയും ബാധിക്കുമെന്ന നിലപാടാണ് ചെന്നിത്തലയുടേത്. കുറ്റാരോപിതനെ സംരക്ഷിക്കേണ്ടതില്ലായെന്ന നിലപാടാണ് മുതിർന്ന നേതാവ് കെ മുരളീധരനുമുള്ളത്. മാധ്യമങ്ങളോടും നേതൃത്വത്തോടും തന്റെ ഭാഗം വിശദീകരിച്ച് മുരളീധരൻ പാർട്ടി നിലപാട് വൈകരുതെന്നും ആവശ്യപ്പെടുന്നു. പലർക്കും പല അസുഖവുമുണ്ടാകാമെന്നും ആരൊക്കെ മതിൽ ചാടുമെന്ന് എങ്ങനെ അറിയുമെന്നും മുരളീധരൻ ചോദിക്കുന്നു.

Related Posts