Homepage Featured India

സേനയിൽ നിന്ന് വിട പറഞ്ഞ് മിഗ് -21 വിമാനങ്ങൾ; രണ്ട് മണിക്കൂർ നീണ്ട യാത്രയയപ്പ് ചടങ്ങ്

ന്യൂഡൽഹി: ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ സേനയുടെ ഭാ​ഗമായ മിഗ്-21വിമാനങ്ങൾ വിടവാങ്ങി. പാന്തേഴ്‌സ് എന്ന് വിളിപ്പേരുള്ള 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് വിടവാങ്ങൽ ചടങ്ങ് നടത്തിയത്.
വിമാനങ്ങുടെ അവസാന പറക്കൽ നടത്തിയത് ഇന്ത്യൻ വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയും ചേർന്നാണ്.

62 വർഷം നീണ്ട സേവനം ചരിത്രമാകുന്ന യാത്രയയപ്പിൽ മുഖ്യ അതിഥിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ട ചടങ്ങിൽ 8,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ് ചെയ്ത വ്യോമസേനയുടെ എലൈറ്റ് സ്കൈഡൈവിംഗ് ടീമായ ‘ആകാശ് ഗംഗ’യുടെ പ്രദർശനം നടത്തിയിരുന്നു. 23-ാം നമ്പർ സ്ക്വാഡ്രണിൽ പെട്ട മിഗ്-21 ജെറ്റുകൾ ഫ്ലൈപാസ്റ്റ് ചടങ്ങിൽ പങ്കെടുക്കുകയും ജല പീരങ്കി സല്യൂട്ട് നൽകുകയും ചെയ്തു. മിഗ്-21ന് പകരമായി രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

1963 ൽ ആണ് മിഗ്-21 ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ സൂപ്പർ സോണിക് വിമാനമാണ് മിഗ്-21. 1965 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ ഇവ ആദ്യമായി ഉപയോ​ഗിച്ചത്. പിന്നീട് ഈ വിമാനങ്ങൾ സേനയുടെ പ്രധാന ആയുധമായി മാറുകയായിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം തുടങ്ങിയ അവസരങ്ങളിൽ എല്ലാം ഇവ നിർണായക സാന്നിധ്യം അറിയിച്ചു. 2017 – 2024 കാലകഘട്ടത്തിൽ മിഗ്-21ന്റെ 4 സ്ക്വാഡ്രനുകൾ വിരമിച്ചിരുന്നു. 2022ൽ ശ്രീനഗർ ആസ്ഥാനമായുള്ള 51ാം സ്ക്വാഡ്രൻ പ്രവർത്തനം അവസാനിപ്പിച്ചു. 2019ൽ പാക്കിസ്ഥാന്റെ യുഎസ് നിർമിത വിമാനം എഫ്–16 നെ വെടിവച്ചിട്ടത് മിഗ്-21 ന്റെ വലിയ നേട്ടമായിരുന്നു.

Related Posts