ബെംഗളൂരു: ഏറെ വിവാദങ്ങൾക്ക് ശേഷം ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താൻ ഉത്തരവ്. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിമാണ് തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തിമിരോടിയെ റായിച്ചൂരിലേക്ക് നാട് കടത്തുന്നത്. എന്നാൽ തിമിരോടി ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവുകയാണ്.
അതേസമയം ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം വീണ്ടും ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കർണാടകയിലെ ബംഗലെഗുഡെ വനത്തിൽ തെരച്ചിൽ നടത്തിയപ്പോൾ 7 തലയോട്ടികളാണ് ലഭിച്ചത്. തലയോട്ടികൾ എഫ്എസ്എൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസിൽ അന്വേഷണം വീണ്ടും സജീവമാക്കുന്നത്. ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് മാസങ്ങൾക്ക് മുമ്പ് തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരിൽ 3 ലക്ഷം രൂപ വന്നതായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ്ഐടി യുപിഐ പെയ്മെന്റുകൾ വഴി പണം കൈമാറിയ 11 പേർക്ക് നോട്ടീസ് നൽകുകയും ആറുപേരെ ഇതിനോടകം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. പണം കൈമാറിയത് പിന്നിലെ കാരണം എന്താണെന്ന് അറിയാൻ സാധിച്ചാൽ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്നാണ് എസ്ഐടിയുടെ നിഗമനം.
ഇതിനിടയിൽ തിമരോടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന് കണ്ടെത്തിയ തോക്കിന്റെ ലൈസൻസ് ഹാജരാക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും അത് അവഗണിക്കുകയായിരുന്നു. ആംസ് ആക്ട് പ്രകാരം കേസ് എടുത്തിരിക്കുന്നതിനാൽ ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ തിമരോടിക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. ഈ നടപടി ഒഴിവാക്കുന്നതിനായി മുൻകൂർ ജാമ്യം തേടി കോടതിയെ തിമരോടി സമീപിച്ചിട്ടുണ്ട്.
















