ചെന്നൈ: നടനും രാഷ്ട്രിയ നേതാവുമായ വിജയ് യെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചും പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്ന് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ കർശന നിർദേശം നൽകിയത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങൾക്ക് നിർദേശമുണ്ടെന്നാണ് തമിനാട് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞത്.
വിജയ്ക്ക് ഞങ്ങളെ കുറിച്ച് സംസാരിക്കാം എന്നാൽ ഞങ്ങൾക്ക് പ്രതികരിക്കാനുള്ള അനുവാദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്‌റു തിരുവാരൂരിലെ യോഗത്തിൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും സംസാരിക്കാൻ ലക്ഷ്യമിടുമ്പോൾ അതിനിടയിൽ മറ്റ് കാര്യങ്ങൽ സംസാരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതിന് കാരണമാകും. അതിനാലാണ് ടിവികെയെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങൾ വിലക്കിയത് എന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
വിജയ് നയിക്കുന്ന പൊതുയോഗത്തിന് എത്തുന്നത് വലിയ ജനക്കൂട്ടമാണ്. ഈ ജനക്കൂട്ടത്തെ മറികടക്കാൻ ഡിഎംകെയും പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ അടുത്തിടെ നടൻ കമൽ ഹാസൻ ടിവികെയുടെ പൊതുയോഗത്തിന് എത്തുന്ന ആൾക്കൂട്ടമൊന്നും വോട്ടായി മാറില്ല എന്ന് പറഞ്ഞിരുന്നു.
















