Homepage Featured India News

മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭയ്ക്കും ഐതിഹാസിക സമര വിജയം; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭ(AIKS) യ്ക്കും ഐതിഹാസിക സമര വിജയം. 5 ദിവസത്തോളമായി തുടരുന്ന നാസിക്-മുംബൈ ലോങ്ങ് മാർച്ച് മുംബൈയ്ക്ക് അടുത്ത് എത്താനിരിക്കെ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അംഗീകരിച്ചു. കർഷകർ ആദിവാസി വിഭാ​ഗങ്ങൾ തുടങ്ങിയവർക്കായുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിന് കഴിഞ്ഞു. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നത് അടക്കമുള്ള സുപ്രധാന ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

കർഷകരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകി. വനാവകാശ നിയമപ്രകാരം ഭൂമിക്കായി അപേക്ഷ നൽകിയ കർഷകരുടെ അവകാശവാദങ്ങൾ പരി​ഗണിക്കും. പശ്ചിമഘട്ടത്തിലൂടെ ഒഴുകി കടലിൽ ചേരുന്ന വെള്ളം ചെക്ക് ഡാം നിർമ്മിച്ച് തദ്ദേശവാസികൾക്കും വടക്കൻ മഹാരാഷ്ട്രയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്കും ലഭ്യമാക്കും. ഫോറസ്റ്റ് ലാന്റ് ഹോൾഡർമാർക്ക് ഇ-ക്രോപ്പ് സർവേ വഴി സർക്കാർ ആനുകൂല്യങ്ങൾ (ശേഖരണം, ബോണസ് തുടങ്ങിയവ) ലഭ്യമാക്കും. ആദിവാസി മേഖലകളിൽ ‘പെസ’ നിയമപ്രകാരമുള്ള നിയമനങ്ങൾ ഉടൻ ആരംഭിക്കുമെന്നതിലും ധാരണയായിട്ടുണ്ട്.

സമരവുമായി ബന്ധപ്പെട്ട് കർഷകസംഘടന നേതാക്കളുമായി കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചർച്ചയിൽ അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കർഷക പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് 2026 ജനുവരി 29 വ്യാഴാഴ്ച കർഷകരുടെ ആവശ്യങ്ങൾ രേഖാമൂലം അംഗീകരിച്ചത്. തുടർന്ന്, നാസിക് ജില്ലയിൽ നിന്നുള്ള ആയിരക്കണക്കിന് പ്രധാന അപേക്ഷകൾ പ്രതിഷേധ സ്ഥലത്ത് വച്ച് നാസിക് ജില്ലാ കളക്ടർ അപേക്ഷകൾ സ്വീകരിച്ചു. ആവശ്യങ്ങൾ അം​ഗീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം പിൻവലിക്കാൻ ഓൾ ഇന്ത്യ കിസാൻ സഭയും സിപിഎമ്മും തീരുമാനിക്കുകയും ചെയ്തു. മുൻ എംഎൽഎ ജെ.പി ഗാവിറ്റ് ആയിരുന്നു നാസിക് ലോംഗ് മാർച്ചിന്റെ വിജയകരമായ സമാപനം പ്രഖ്യാപിച്ചത്.

Related Posts