Homepage Featured Kerala News

1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതൽ; 25 ശതമാനം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: 1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ നേരത്തേ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാഠഭാ​ഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് അധ്യാപകരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളുടെ പഠനഭാരം കുറയ്ക്കാനായി സിലബസിൽ 25 ശതമാനം കുറവ് വരുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അതേസമയം പ്രധാന പാഠങ്ങൾ ഒഴിവാക്കുന്ന രീതിയാകില്ല സ്വീകരിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കരിക്കുലം കമ്മിറ്റി പാഠഭാരം കുറയ്ക്കുന്ന കാര്യം അം​ഗീകരിച്ചു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. പാഠപുസ്തകത്തിന്റെ ഭാരം കാരണം സ്കൂളിന്റെ നാലാം നിലയിലെത്താൻ പ്രയാസമുണ്ടെന്ന് മുമ്പൊരിക്കൽ ഒരു വിദ്യാർത്ഥി അറിയിച്ചത് മന്ത്രി എടുത്തുപറഞ്ഞു. അത്തരം സ്കൂളുകളിൽ ലിഫ്റ്റ് ഒരുക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി.

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി

തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു മിഥുൻ മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ സ്കൂളിന് സമീപത്തെ ഷെഡിന് മുകളിൽ കയറിയ മിഥുൻ ഷോക്കേറ്റ് മരിക്കുകയായിരുന്നു. അനുമതിയില്ലാതെ ഷെഡ് പണിതതും വൈദ്യുത ലൈൻ ഇതിനുമുകളിലൂടെ പോകുന്നത് തുടർന്നതും അപകടത്തിന് കാരണമായി. 8ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഥുൻ. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ് ആറുമാസം കൊണ്ട് മിഥുന്റെ കുടുംബത്തിന് 1000 സ്ക്വയർ ഫീറ്റ് വീട് നിർമിച്ചുനൽകി. മന്ത്രി കെഎൻ ബാല​ഗോപാൽ ആണ് വീടിന്റെ താക്കോൽ മിഥുന്റെ കുടുബത്തിന് കൈമാറിയത്. മനോഹരമായ വീടിൻ്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Posts