Homepage Featured Local News

‘നേതൃത്വത്തെ അണികൾ തിരുത്തണം’; സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും

കണ്ണൂർ: സിപിഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടി മാത്രമായെന്നും അടക്കമുള്ള വിമർശനങ്ങളുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂതനന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുന്നുണ്ട്. ടിഐ മധുസൂതനന് ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.

എതിർക്കുന്നവരോട് പകവച്ചുപുലർത്തുന്ന ടിഐ മധുസൂതനന്റെ ശൈലി ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റേതാണെന്ന് പുസ്തകത്തിൽ പറയുന്നു. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കൾക്കാണ് എന്ന് നേതൃത്വം ഓർമിപ്പിക്കാറുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെറ്റുകൾ ചൂണ്ടിക്കാട്ടിയതെന്നും പുസ്തകത്തിൽ വി കുഞ്ഞികൃഷ്ണൻ പറയുന്നു. ജോസഫ് സി മാത്യു ഫെബ്രുവരി 4 ബുധനാഴ്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. വിഎസ് അനിൽ കുമാർ പുസ്തകം ഏറ്റുവാങ്ങും. പയ്യന്നൂരിലെ ​ഗാന്ധി പാർക്കിൽ വെച്ചാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുക.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം ആയിരുന്നു വി കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം അടുത്തിടെ പുറത്താക്കിയിരുന്നു. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാ​ഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രം​ഗത്ത് വന്നതിനാണ് നടപടി എടുത്തതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ ഉള്ള ചാനലിലെ അജണ്ട സെറ്റ് ചെയ്ത പരിപാടിയിൽ പങ്കെടുത്തത് യാദൃശ്ചികമല്ലെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാ​ഗേഷ് പറഞ്ഞിരുന്നു.

Related Posts