ഡൽഹി: ടി.പി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡിന് രൂപീകരിക്കാൻ കോടതി നിർദേശം. ടി.പി ചന്ദ്രശേഖരന് വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ രമയുടെ അഭിഭാഷകന് വാദിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാരും കഴിഞ്ഞ ആഴ്ച സത്യവാങ്മൂലം നൽകി. എന്നാൽ ‘ശിക്ഷ അനുഭവിക്കാൻ പ്രതി ജീവനോടെ വേണം’ എന്ന് സുപ്രീംകോടതി പറഞ്ഞു. വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമാണോയെന്ന് പരിശോധിച്ച് മെഡിക്കൽ ബോര്‍ഡ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശവും നൽകി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ജ്യോതിബാബുവിന് ചികിത്സയ്ക്കായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
2012 മെയ് 4-നാണ് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വടകര വള്ളിക്കാട് വച്ച് കൊല്ലപ്പെട്ടത്. കേസിൽ വിചാരണ കോടതി ജ്യോതിബാബുവിനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ശിക്ഷിച്ചത്.
















