Homepage Featured India News

അജിത് പവാറിന്റെ വിയോ​ഗം; ബാരാമതി മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും

മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ വിയോ​ഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും പാർട്ടി സുനേത്രയെ പരി​ഗണിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ.

ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ മരിച്ചത്. മഹാരാഷ്ട്ര സർക്കാരിൽ മുഖ്യമന്ത്രിയായ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളായിരുന്നു അജിത് പവാർ. സർക്കാരിന്റെ മറ്റൊരു പ്രധാന നേതാവായ ഏക്നാഥ് ഷിൻഡേയുമായും അജിത് പവാറിന് സൗഹൃദമുണ്ടായിരുന്നു. ശിവസേനയുടെ നേതാവായ ഏക്നാഥ് ഷിന്ദെയെ അനുനയിപ്പിച്ചിരുന്നത് പവാറായിരുന്നുവെന്നത് മുഖ്യമന്ത്രി ഫഡ്നവിസിനെ സംബന്ധിച്ച് ആശ്വാസമായിരുന്നു. ഇതുകൊണ്ട് തന്നെ അജിത് പവാറിന്റെ ഭാര്യ പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത് സർക്കാരിനും ​ഗുണകരമാകും എന്നാണ് വിലയിരുത്തൽ. എന്നാൽ സുനേത്ര ഇക്കാര്യത്തിൽ സമ്മതം അറിയിച്ചിട്ടില്ല.

സുനേത്ര പവാർ നേതൃത്വത്തിലേക്ക് വന്നില്ലെങ്കിൽ എൻ‌സി‌പിയുടെ പ്രഫുൽ പട്ടേൽ നേതൃത്വം ഏറ്റെടുക്കുമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കേന്ദ്രസർക്കാരുമായി അടുത്ത ബന്ധം ഉള്ളതിനാൽ പ്രഫുൽ പട്ടേലിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 2014 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് പ്രഫുൽ പട്ടേൽ. നാല് തവണ വീതം രാജ്യസഭയിലും ലോക്സഭയിലും അംഗമായിരുന്ന പ്രഫുൽ പട്ടേൽ രണ്ട് തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Related Posts