സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നതിനൊപ്പം മുല്ലപ്പൂവിന്റെ വിലയും ഉയരുന്നു. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം. അതേസമയം സ്വർണ വിപണിയിൽ ഒരു പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വില 1080 രൂപ വർധിച്ച് 16,395 രൂപയുമായി.
ആഗോള-ആഭ്യന്തര വിപണികളിലും സ്വർണ വില വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്‌തു. ഈയാഴ്‌ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
അതേസമയം കിലോയ്ക്ക് 7000 രൂപ മുതല്‍ 8000 രൂപ വരെയാണ് മുല്ലപ്പൂവിന് വിലയുള്ളത്. ദിവസേന വില വര്‍ദ്ധിക്കുന്നതിനൊപ്പം പൂവ് കിട്ടാനില്ലെന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില. വിവാഹം, ഉത്സവകാലം, പൊങ്കല്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പരയുന്നു. തമിഴ്നാട്ടില്‍ പലയിടത്തും മുല്ലപ്പൂവില കിലോയ്ക്ക് 12,000 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
ദിണ്ടികൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പിച്ചിക്കും വിപണിയിൽ മുഴത്തിന് നൂറിനു മുകളിൽ വിലയുണ്ട്. തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയും. പൂവും ചെറുതാകും. കരിമൊട്ടുകളാണ് നിലവിൽ വിപണികളിൽ കൂടുതലായും ലഭിക്കുന്നത്.
















