കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി ഇയാളെ 14 ദിവസത്തേക്ക് കൂടി റിമാൻഡിൽ വിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ പി ശങ്കരദാസ്.
അതേസമയം കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് കോടതി ജാമ്യം നൽകി. അറസ്റ്റിലായി 43 ആം ദിവസം കൊല്ലം വിജിലൻസ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ദ്വാരപാലക ശില്പ പാളികൾ കടത്തുമ്പോൾ ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. പദവി ഏറ്റെടുത്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സ്വർണക്കടത്ത് നടന്നത്. മുരാരി ബാബു ആയിരുന്നു ഇതിനുമുമ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. ഇയാൾക്കും കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
















