Homepage Featured Kerala News

ജനപ്രിയം, ജനകീയം, സ്ത്രീപക്ഷം; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

ണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനകീയവും കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ളതുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശത്തെ ധനമന്ത്രി ആവര്‍ത്തിച്ചു. മതമല്ല, എരിയുന്ന വയറിലെ തീയാണ് ഇടതുപക്ഷം കാണുന്നതെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ഒരു സമൂഹത്തിന്റെ വികസനം അടയാളപ്പെടുത്തുന്നത് സ്ത്രീകളുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയെന്നത് ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിനു ഊന്നല്‍ നല്‍കുന്ന സ്ത്രീപക്ഷ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ശ്രദ്ധാകേന്ദ്രമായി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു 484.81 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന മൂല്യവര്‍ധിത ഉത്പാദന യൂണിറ്റുകള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉതുകുന്ന വിധം പ്രത്യേക പരിശീലനം നല്‍കും. പത്ത് കോടിയാണ് ഈ പദ്ധതിക്കു നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 484.81 കോടി. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും മുട്ടയോ പാലോ നല്‍കുന്ന പദ്ധതി തുടരുന്നതിനായി 80.90 കോടി രൂപ വകയിരുത്തി.

പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. നിലവില്‍ 12-ാം ക്ലാസ് വരെയാണ് കേരളത്തില്‍ സൗജന്യ വിദ്യാഭ്യാസം. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു അപകട ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കു 27.8 കോടി. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഗവേഷണത്തിനു 11 കോടി.

ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായി നല്‍കാന്‍ തീരുമാനിച്ചതും ഈ ബജറ്റിലെ നിര്‍ണായക പ്രഖ്യാപനമായി. ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം. കുടിശിക ഘട്ടംഘട്ടമായി കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പള പരിഷ്‌കരണ കമ്മീഷനെയും ബജറ്റില്‍ പ്രഖ്യാപിച്ചു.

കെ.എസ്.ഇ.ബിയുടെ കീഴില്‍ വരുന്ന വിവിധ പദ്ധതികള്‍ക്കായി 1238.8 കോടി വകയിരുത്തി. വന്യജീവി ആക്രമണം നേരിടാന്‍ 100 കോടിയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനു ആറ് കോടിയും വകയിരുത്തി. വയനാട് പാക്കേജിനു 50 കോടിയും ഈ ബജറ്റില്‍ അനുവദിച്ചു.

പൊതുഗതാഗതത്തിനും ബജറ്റില്‍ പ്രത്യേക പരിഗണന. റോഡ്, പാലം എന്നിവയ്ക്കു 1158 കോടി. കട്ടപ്പന-തേനി തുരങ്കപാത 10 കോടി. ഉള്‍നാടന്‍ ജലഗതാഗതം 138 കോടി. കൊച്ചി മെട്രോ രണ്ടാം ഘട്ടം 71 കോടി എന്നിങ്ങനെ അനുവദിച്ചു.

Related Posts